വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങൾ, മണിച്ചെയിൻ, സ്റ്റുഡന്റ് വിസാ ഓഫറുകൾ, വിസിറ്റ് വിസ (സന്ദർശന വിസ) വഴിയുളള റിക്രൂട്ട്‌മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോർക്ക അറിയിച്ചു. വ്യാജ പരസ്യങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം.
പരസ്യങ്ങളിലുളള റിക്രൂട്ട്‌മെന്റ് ഏജൻസി, തൊഴിൽ നൽകുന്ന സ്ഥാപനം എന്നിവയുടെ നിജസ്ഥിതി പ്രാഥമികമായി ഉറപ്പാക്കണം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് പോർട്ടൽ (https://emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കാം.
ഇതോടൊപ്പം എല്ലാ പരസ്യങ്ങളിലും ഏജൻസികളുടെ റിക്രൂട്ട്‌മെന്റ് ലൈസൻസ് നമ്പർ പ്രദർശിപ്പിക്കണം. റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് മറ്റ് ബ്രാഞ്ചുകൾ ആരംഭിക്കുന്നതിനും പ്രത്യേകം ലൈസൻസ് ആവശ്യമാണ്. ഇക്കാര്യങ്ങൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക. പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾക്ക് അംഗീകൃത ഏജൻസികൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മുൻകൂർ അനുമതി ആവശ്യമാണ്.
ഇക്കാര്യം ഇമൈഗ്രേറ്റ് പോർട്ടലിലൂടെ ഉറപ്പാക്കാനാകും. വിദേശത്തെ തൊഴിൽസ്ഥാപനത്തിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും ആധികാരികത അതത് രാജ്യത്തിലെ ഇന്ത്യൻ എംബസിയുമായോ ഇന്ത്യയിലെ അതത് രാജ്യങ്ങളുടെ എംബസികളുമായോ ഇമെയിൽ, ഫോൺ മുഖേന ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്.
കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വിവരവും വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശങ്ങളും മറ്റ് യാത്രാ മുന്നറിയിപ്പുകളും ഇമൈഗ്രേറ്റ് പോർട്ടലിൽ ലഭ്യമാണ്. തിരുവനന്തപുരത്തും എറണാകുളത്തും പ്രവർത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (POE) ഓഫീസുകളിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പട്ട് പരസ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനും അവസരമുണ്ട്.
വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം മാത്രമേ പണമിടപാടുകൾ (നിയമാനുസൃതമായ ഫീസ് മാത്രം) നടത്താവൂ. തട്ടിപ്പിന് ഇരയാകുന്നവർ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിലും, നോർക്കയിലെ ഓപ്പറേഷൻ ശുഭയാത്രയിലും പരാതി നൽകുന്നതിനൊപ്പം അടുത്തുളള പൊലീസ് സ്‌റ്റേഷനിലും പരാതി നൽകണം. ഇതോടൊപ്പം കോമൺ സർവ്വീസ് സെന്ററുകൾ (https://digitalseva.csc.gov.in/) മുഖേനയോ നേരിട്ടോ വിദേശകാര്യ മന്ത്രാലയത്തിന്റെ മദത്ത് (https://www.madad.gov.in/) പോർട്ടലിലോ അല്ലെങ്കിൽ ഇമൈഗ്രേറ്റ് പോർട്ടലിലോ അറിയിക്കാൻ ശ്രമിക്കണം. ഇത് ദേശീയതലത്തിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയന്ത്രിക്കാൻ സഹായിക്കും.
പരാതികൾക്കും അന്വേഷണങ്ങൾക്കും വിദേശകാര്യ മന്ത്രാലത്തിന്റെ പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ (PBSK) ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ 1800 11 3090, അന്താരാഷ്ട്ര ഹെൽപ്പ്‌ലൈൻ നമ്പർ (കോൾ നിരക്കുകൾ ബാധകം): +91 11 26885021,+91 11 40503090 ഇവയിലോ മലയാളത്തിൽ 04842314900, 2314901 (10AM-05PM) നമ്പറുകളിലോ ഇമെയിലിലോ (helpline@mea.gov.in) ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |