തിരുവനന്തപുരം : കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി. പി. ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാർട്ടിഗ്രാമത്തിൽ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശപ്രകാരം സി.പി.എമ്മാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അഴിമതിക്കാരനായി എ.ഡി.എമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാദ്ധ്യമങ്ങൾ പൊളിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം മുൻകൂർ ജാമ്യം നിഷേധിച്ച കോടതിവിധിയോടെ വ്യക്തമായി. മുൻകൂർ ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകം പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും വി.ഡി, സതീശൻ ചോദിച്ചു.
പാർട്ടിക്കാരായ പ്രതികൾ വന്നാൽ കേരളത്തിൽ ആർക്കും നീതി കിട്ടില്ല. സ്വന്തക്കാർ എന്ത് വൃത്തികേട് ചെയ്താലും കുട പിടിക്കുമെന്നതാണ് സർക്കാർ നിലപാടെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണ്. ഉപതിരഞ്ഞെടുപ്പായത് കൊണ്ടാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. പയ്യന്നൂർ ആശുപത്രിയിലെത്തി ദിവ്യ ചികിത്സ തേടി. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. കോടതി ദിവ്യയെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നില്ല. സി.പി.എമ്മിന്റെ സംരക്ഷണയിലാണ് ദിവ്യ കഴിഞ്ഞത് എന്നകാര്യത്തിൽ സംശയമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |