കൊച്ചി: പാസഞ്ചർ സർവീസുകളെല്ലാം മെമുവാക്കാനുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ പദ്ധതി മുടങ്ങില്ല. കൊല്ലം കോർപ്പറേഷനും റെയിൽവേയും തമ്മിലുള്ള തർക്കത്തിന് കളക്ടർ, എം.പി, മേയർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ പരിഹാരമായി. കോർപ്പറേഷൻ അവകാശവാദം ഉന്നയിച്ച ടി.എം. വർഗീസ് പാർക്ക് നിൽക്കുന്ന സ്ഥലത്ത് മെമു യാർഡ് നിർമ്മിക്കും.
വാക്കാലുള്ള ധാരണയിൽ, പാർക്ക് നിൽക്കുന്ന 1.13 ഏക്കർ സ്ഥലം കോർപ്പറേഷൻ റെയിൽവേക്കും, പകരം ചിന്നക്കടയിൽ 87, 21 സെന്റ് വീതമുള്ള രണ്ട് പ്ലോട്ടുകൾ കോർപ്പറേഷന് റെയിൽവേയും കൈമാറി.
തിരുവനന്തപുരം ഡിവിഷന്റെ മെമു യാർഡ് കൊല്ലം ഫാത്തിമ മാതാ കോളേജിന് സമീപത്താണ്. 12 റേക്കുവരെയുള്ള മെമു മാത്രമേ ഇവിടെ അറ്റകുറ്റപ്പണി ചെയ്യാനാകു. 16 റേക്കിന്റെ മെമുവിനായി യാർഡ് വികസനം ആരംഭിച്ചപ്പോഴാണ് കൊല്ലം കോർപ്പറേഷൻ ഉടക്കുമായി എത്തിയത്.
യാത്രയ്ക്ക് വേഗം കൂടും,
സ്ഥലസൗകര്യം കൂടുതൽ
1.പാസഞ്ചറിനെക്കാൾ വേഗം കൂടുതലാണ് മെമുവിന്. പാസഞ്ചറിനെപ്പോലെ സ്റ്റേഷനിലേക്ക് എത്തും മുമ്പ് വേഗം കുറയ്ക്കേണ്ട. ഇരുന്നും നിന്നും യാത്ര ചെയ്യാൻ കൂടുതൽ സ്ഥലസൗകര്യം. 16 റേക്കുകളായതിനാൽ തിരക്കും കുറയും.
2.കൂടുതൽ മെമു വരുന്നതോടെ ആലപ്പുഴ, കോട്ടയം റൂട്ടിലെ യാത്രാ പ്രശ്നങ്ങൾക്കും പരിഹാരമാകും.
രണ്ടറ്റത്തും ട്രാക്ഷൻ മോട്ടോർ യൂണിറ്റുകളായതിനാൽ എൻജിൻ ഘടിപ്പിക്കലും പരിശോധനയും എളുപ്പം. മുപ്പതോളം മെമുകൾക്ക് തിരുവനന്തപുരം ഡിവിഷനിൽ സർവീസ് നടത്താനാകും.
തിരുവനന്തപുരം ഡിവിഷൻ ട്രെയിനുകൾ
മെമു- 12 റേക്കുകൾ
പാസഞ്ചർ- 12 റേക്കുകൾ
റെയിൽവേയും കോർപ്പറേഷനും തമ്മിലുള്ള തർക്കം പരിഹരിച്ചു. റെയിൽവേയ്ക്ക് ഉടൻ നിർമ്മാണം ആരംഭിക്കാം
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |