കുളമാവ്: വനാതിർത്തിയിൽ നിന്ന് മ്ളാവിനെ കുടുക്കിട്ട് പിടിച്ച് കൊന്ന് ഇറച്ചി വീതംവച്ചെടുത്ത സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. കോഴിപ്പിള്ളി പൊട്ടംപ്ലാക്കൽ തേനൻ ഗിരീഷും (38) പ്രായപൂർത്തിയാകാത്ത ഒരു പയ്യനുമാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഗിരീഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബാലനെ ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ നേരത്തെ പിടിയിലായ കുളമാവ് ഹൈറേഞ്ച് ഹോട്ടൽ ഉടമ മുത്തിയുരുണ്ടയാർ ഭാഗത്ത് തച്ചിലേടത്ത് വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന കുര്യാക്കോസ് (67) റിമാൻഡിലാണ്. 22നായിരുന്നു സംഭവം. മുത്തിയുരുണ്ടയാർ ഭാഗത്ത് റോഡിന്റെ കട്ടിംഗ് സൈഡിൽ കുരുക്കിൽ വീണ് കിടന്നിരുന്ന മ്ലാവിനെ കുര്യാക്കോസും മറ്റ് മൂന്ന് പ്രതികളും ചേർന്ന് കൊന്ന് ഇറച്ചിയാക്കി വീതം വയ്ക്കുകയായിരുന്നു. കിലോയ്ക്ക് രണ്ടായിരം രൂപ വരെ വിലയ്ക്ക് വിൽപ്പന നടക്കുന്നതായി ഫ്ളൈയിംഗ് സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുര്യാക്കോസിന്റെ വീട്ടിലെ ഫ്രീസറിൽ നിന്ന് 10 കിലോ വീതമുള്ള രണ്ട് പാക്കറ്റുകളിലാക്കി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മ്ലാവിന്റെ ഇറച്ചി കണ്ടെടുത്തത്. കേസിൽ ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |