ചിറ്റൂർ: സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നടപടിയെ രൂക്ഷമായി വിമർശിച്ച് കൊഴിഞ്ഞാമ്പാറയിൽ സി.പി.എം പ്രവർത്തക കൺവെൻഷൻ. കൊഴിഞ്ഞാമ്പാറ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷിന്റ നേതൃത്വത്തിൽ നടന്ന കൺവെൻഷനിലാണ് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. പാർട്ടിയിൽ കാലങ്ങളായി സജീവമായി പ്രവർത്തിക്കുന്നവരെ തഴയുകയാണെന്നും കോൺഗ്രസിൽ നിന്ന് വന്ന ആളുകൾക്ക് അനർഹമായി പരിഗണന നൽകുന്നുവെന്നും സതീഷ് ആരോപിച്ചു.
ജില്ലാ സെക്രട്ടറി ധാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയും ആണ് പ്രവർത്തകരോട് പെരുമാറുന്നത്. വർഷങ്ങളായി പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിക്കുന്നവരെ അടിമകളായി കണക്കാക്കുന്ന രീതിയാണ് നിലവിലുള്ളത്. കൊഴിഞ്ഞാമ്പാറ ലോക്കൽ കമ്മിറ്റി രണ്ടിലെ 35 അംഗ ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 പേർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ പാർട്ടി സംസ്ഥാന ഘടകത്തിന് നിരവധി തവണ പരാതി നൽകിയിരുന്നു. ഇത് സംസ്ഥാന ഘടകത്തിന്റെ പരിഗണനയിലാണെന്നും സതീഷ് പറഞ്ഞു. പാർട്ടി സംഘടന രീതിയ്ക്ക് വിരുദ്ധമായി തെറ്റായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. പാർട്ടി സംവിധാനങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്ന അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയും സാധാരണ പ്രവർത്തകരോട് ഇടപെടുന്നത് അംഗീകരിക്കാൻ ആവില്ല. കമ്മ്യൂണിസ്റ്റ് അടിമകളായി തുടരാൻ സാധിക്കില്ല പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്നും സതീഷ് കൂട്ടിച്ചേർത്തു.
സ്വകാര്യ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 500 ഓളം പേർ പങ്കെടുത്തു. ആരോപണങ്ങൾ ഉന്നയിക്കുന്നവരെ പ്രതിയാക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും സതീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |