ടെൽ അവീവ്: കഴിഞ്ഞയാഴ്‌ച ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാൽ കനത്ത പ്രഹരമേൽക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേൽ സേനാ തലവൻ ലെഫ്. ജനറൽ ഹെർസി ഹലേവിയുടേതാണ് മുന്നറിയിപ്പ്. രമോൺ വ്യോമ സൈനികത്താവളത്തിൽ വ്യോമസേനാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇറാൻ വീണ്ടും ഇസ്രയേലിനുനേരെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചാൽ കഴിഞ്ഞയാഴ്‌ചത്തെ ആക്രമണത്തിൽ ഉപയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിച്ചായിരിക്കും സൈന്യം മറുപടി നൽകുക. ഇറാനിൽ വീണ്ടും എങ്ങനെ എത്താമെന്നത് നമ്മൾ ഒന്നുകൂടി മനസിലാക്കും. ഇത്തവണ ഉപയോഗിക്കാത്ത ആയുധങ്ങളായിരിക്കും അപ്പോൾ ഉപയോഗിക്കുക. കൂടാതെ ഇത്തവണ ഒഴിവാക്കിയ സ്ഥലങ്ങൾക്കും ആയുധങ്ങൾക്കും കനത്ത പ്രഹരം ഏൽക്കേണ്ടിയും വരും. ഇക്കാര്യങ്ങളൊക്കെ വീണ്ടും ചെയ്യേണ്ടി വരും എന്നതിനാലാണ് ചില സ്ഥലങ്ങൾ ഒഴിവാക്കിയത്. ഈ പരിപാടി അവസാനിച്ചിട്ടില്ല. നമ്മളിപ്പോഴും അതിനുള്ളിൽ തന്നെയാണ്'- ഹലേവി വ്യക്തമാക്കി.
ഈ മാസമാദ്യം ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ കഴിഞ്ഞ ശനിയാഴ്‌ച മറുപടി നൽകിയിരുന്നു. ഇസ്രയേൽ ഫൈറ്റർ ജെറ്റുകൾ ഇറാൻ സൈനിക താവളങ്ങളും മിസൈൽ നിർമാണ കേന്ദ്രങ്ങളും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയത്. ഒരുകൂട്ടം അണുബോംബുകൾ നിർമിച്ച് തന്റെ രാജ്യത്തെ തകർക്കാനാണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോപിച്ചിരുന്നു.
അതേസമയം, സംഘത്തിന്റെ തലവനായി നയിം ഖാസിമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഹിസ്ബുള്ള. ഹസൻ നസ്രള്ള ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തലവനായി തിരഞ്ഞെടുത്തത്. 33 വർഷമായി ഹിസ്ബുള്ളടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. നസ്രള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിംഗ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചിരുന്നു. ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളിലൊരാൾ കൂടിയാണ് നയിം ഖാസിം.
ഹിസ്ബുള്ളയുടെ നയങ്ങളും ലക്ഷ്യങ്ങളും സംരക്ഷിക്കുന്നതിനാണ് നയിം ഖാസിമിനെ തിരഞ്ഞെടുത്തതെന്ന് ഹിസ്ബുള്ള അറിയിച്ചു. 1992 മുതൽ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ച ഹസന്‍ നസ്രള്ള കഴിഞ്ഞ മാസം ഇസ്രയേൽ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസ്രള്ളയുടെ ബന്ധു ഹഷീം സഫിദ്ദീനെ നേതൃ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പിന്നാലെയാണ് ഖാസിമിനെ ചുമതലപ്പെടുത്തിയത്. 1992ൽ മുതൽ ഹിസ്ബുള്ളയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്ററും നയിം ഖാസിം ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |