ന്യൂഡൽഹി: തൊഴിൽ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെയാണ് സംഭവം. ഡൽഹി പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ എന്ന യുവതി തട്ടിപ്പ് നടത്തിയിരുന്നത്.
സർക്കാർ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് തൊഴിലില്ലാത്ത യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ യുവതി തട്ടിയെടുത്തതായി ചുരു എസ്‌പി ജയ് യാദവ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്‌തു. ഡൽഹി സബ് ഇൻസ്‌പെക്‌ടറാണ് താനെന്ന് അവകാശപ്പെട്ട യുവതി, യുവാക്കളെ ഉപയോഗിച്ച് വിഐപി ജീവിതവും നയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമുള്ള ദേവ്‌ഗഡ് സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ യുവാക്കളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥയാണെന്ന തരത്തിലുള്ള വ്യാജ ഐഡി കാർഡ്, ഡൽഹി പൊലീസിന്റെ യൂണിഫോമിലുള്ള ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.
ഡൽഹി, ഹരിയാന, ജയ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി യുവാക്കളെ ഇവർ തട്ടിപ്പിനിരയാക്കിയതായി പൊലീസ് പറയുന്നു. ഡൽഹി പൊലീസിന്റെ ഹെഡ് കോൺസ്റ്റബിളായി ജോലി തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് അർജുൻ ലാൽ എന്ന യുവാവിൽ നിന്നും 12.93 ലക്ഷം രൂപ അഞ്ജു ശർമ തട്ടിയെടുത്തതായി പരാതി ലഭിച്ചതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |