തിരുവനന്തപുരം: കൊച്ചി നഗരത്തിൽ ജലവിതരണം, സംഭരണ ടാങ്കുകളുടെ നവീകരണം ഉൾപ്പെടെയുള്ള പദ്ധതി ഫ്രഞ്ച് കമ്പനിക്ക് കൈമാറാനുള്ള അടിയന്തര നീക്കവുമായി സർക്കാർ. ഇതുസംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിനും ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കൊച്ചി മേയർ എം.അനിൽകുമാറുമായി ഇന്ന് ചർച്ച നടത്തും. എന്നാൽ, ജലവിതരണം സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് ഇതെന്ന് വാട്ടർ അതോറിട്ടിയിലെ ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കുടിവെള്ള വിതരണ പദ്ധതിക്ക് 2511 കോടിയുടെ എ.ഡി.ബി വായ്പയെടുക്കാനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു. ആദ്യഘട്ടം കൊച്ചിയിൽ നടപ്പാക്കാനാണ് നീക്കം. ഫ്രഞ്ച് കമ്പനിയായ സോയൂസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് കൊച്ചിയിലെ പദ്ധതി. ഇത് യാഥാർത്ഥ്യമായ ശേഷമാകും മറ്റ് രണ്ടിടങ്ങളിൽ നടപ്പാക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളുമായി ജലവിഭവ സെക്രട്ടറി നേരത്തെ ചർച്ച നടത്തിയിരുന്നെങ്കിലും ഇതിനെതിരെ സമരവുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാൽ, എ.ഡി.ബിയിൽ നിന്ന് വായ്പയെടുക്കുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ജീവനക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളാണെങ്കിൽ മാത്രം ചർച്ച ചെയ്യാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് സൂചന.
നിരക്ക് കുത്തനെ കൂടുമെന്ന്
1.ജലവിതരണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിലൂടെ ഉപഭോക്താക്കൾക്ക് വലിയ നിരക്ക് കൊടുക്കേണ്ടി വരുമെന്ന് സംഘടനകൾ. കമ്പനിയുമായി കരാറുണ്ടാക്കുന്നത് എസ്റ്റിമേറ്രിനേക്കാൾ 21% അധിക തുകയിൽ
2.ബില്ലിംഗ് ആര് നടത്തുമെന്നോ നിരക്ക് നിശ്ചയിക്കുന്നത് ആരെന്നോ വ്യക്തത വരുത്തിയിട്ടില്ല 3.ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ വിതരണം തുടരുമോയെന്നും പൊതുടാപ്പുകൾ നിറുത്തുമോയെന്നതും വ്യക്തതയില്ല
4.തർക്കങ്ങളും നിയമനടപടികളും അവരുടെ രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് വിധേയമാണെന്ന് ഫ്രഞ്ച് കമ്പനി പറയുന്നുണ്ടെന്നും സംഘടനാ നേതാക്കൾ.
2,511 കോടി
പദ്ധതിക്കായി എടുക്കുന്ന എ.ഡി.ബി വായ്പ
70:30 ശതമാനം
വായ്പാ തിരിച്ചടവിൽ കേന്ദ്ര, സംസ്ഥാന വിഹിതം
750 കോടി
തിരിച്ചടവിൽ സംസ്ഥാന സർക്കാർ വിഹിതം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |