തിരുവനന്തപുരം: കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ അടുത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സ്ഫോടനത്തിൽ 154 പേർക്കാണ് പരിക്കേറ്റത്. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ക്ഷേത്ര മതിലിനോട് ചേർന്ന ആസ്ബറ്റോസ് ഷീറ്റ് പാകിയ കെട്ടിടത്തിനുളളിൽ അമിട്ടുകൾ അടക്കം ബോക്സുകളാക്കി സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്. കെട്ടിടത്തിനുസമീപം തെയ്യം കാണാൻ നൂറുകണക്കിനുപേർ കൂടിനിന്നപ്പോഴായിരുന്നു അപകടം. വെടിക്കെട്ടിന് അനുമതി വാങ്ങിയിരുന്നില്ലെന്നും യാതൊരു സുരക്ഷാ മുൻകരുതലും എടുത്തിരുന്നില്ലെന്നും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |