കൊച്ചി: എട്ടുവർഷത്തിന് ശേഷം കേരളത്തിന്റെ വ്യവസായ തലസ്ഥാനത്തേയ്ക്ക് സംസ്ഥാന സ്കൂൾ കായികമേളയെത്തുമ്പോൾ, വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ എറണാകുളം ജില്ല. 39 ഇനങ്ങളിലും എറണാകുളത്തിന്റെ താരങ്ങൾ പോരിനിറങ്ങുന്നുണ്ട്. നീന്തലിലടക്കം മികച്ച താരങ്ങളുണ്ടെങ്കിലും ട്രാക്കിൽ നിന്നും ഫിൽഡിലിൽ നിന്നും കൂടുതൽ മെഡൽ വാരുകയാണ് ലക്ഷ്യം. കോതമംഗലം സ്കൂളുകളുടെ കരുത്തിലും പ്രതീക്ഷയിലുമാണ് ജില്ല കച്ചമുറുക്കുന്നത്.
കഴിഞ്ഞ 11 സംസ്ഥാന സ്കൂൾ കായിക മേളകളിൽ അഞ്ച് തവണ കിരീടം ചൂടുകയും രണ്ട് തവണ റണ്ണറപ്പാകുകയും ചെയ്തതിന്റെ കരുത്തുമുണ്ട് എറണാകുളത്തിന്. ചാമ്പ്യന്മാർ കഴിഞ്ഞവർഷം നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2022ൽ അഞ്ചാമതായിരുന്നു. ഇവിടെ നിന്ന് ഒന്നാം സ്ഥാനത്തേയ്ക്കൊരു കുതിപ്പാണ് കായികതാരങ്ങളുടെയെല്ലാം മനസിൽ. നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെയും രണ്ടാം സ്ഥാനക്കാരാനയ മലപ്പുറത്തിനെയും ഭയക്കേണ്ടതുണ്ട്. അവരും കിരീടത്തിൽ കണ്ണുവച്ചാണ് ഒരുങ്ങുന്നത്.
കോതമംഗലം ഉപജില്ലയെന്ന കരുത്ത്
ട്രാക്കിലും ഫീൽഡിലും എറണാകുളം അപ്രമാധിത്യം തുടർന്ന കാലങ്ങളിൽ താങ്ങായത് കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസ്.എസും കോതമംഗലം മാർബേസിൽ എച്ച്.എസ്.എസുമായിരുന്നു. 2011ൽ 150 പോയിന്റ് മാർബേസിലും 71 പോയിന്റ് സെന്റ്ജോർജും നേടിയാണ് സ്വന്തം തട്ടകത്തിൽ അന്ന് ആതിഥേയർക്ക് വിജയം സമ്മാനിച്ചത്.
തൊട്ടടുത്ത വർഷം സെന്റ് ജോർജ് പടയോട്ടം നടത്തിയെങ്കിലും തിരുവനന്തപുരത്ത് ഒന്നാമതായി ഫിനീഷ് ചെയ്യാനായില്ല. 2013ൽ ഇരുസ്‌കൂളുകളും മിന്നുകയും കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയും ചെയ്തു. 2019 സെന്റ് ജോർജ് എച്ച്.എസ്.എസിൽ നിന്ന് കായിക താരങ്ങളില്ലാതെയായി. മാർബേസിലിന്റെ ബലത്തിലായി പിന്നീടുള്ള പോരാട്ടങ്ങൾ. അഞ്ചാം സ്ഥാനത്ത് നിന്നും നാലാം പടിയിലേക്ക് ഉയർന്ന കുന്നംകുളം കായികമേളയിൽ, മാർബേസിലിനൊപ്പം കീരമ്പാറ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിന്റെ വരവും ജില്ലയ്ക്ക് പ്രതീക്ഷ നൽകി. ജില്ലാ കായികമേളയിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് 110 പോയിന്റുകളോടെ രണ്ടാം സ്ഥാനം നേടിയാണ് കരുത്തറിയിച്ചത്. മുന്നിൽ മാർബേസിലും.
കിരീടവർഷം
(വർഷം -വേദി)
• 2011- എറണാകുളം
• 2013 - എറണാകുളം
• 2014 -തിരുവനന്തപുരം
• 2017- പാല (കോട്ടയം)
• 2018- തിരുവനന്തപുരം
മത്സരങ്ങളിൽ ജില്ലയുടെ പോയിന്റ്
2023 88, 4th
2022 81, 5th
2019 157.33, 2th
2018 253, 1th
2017, 258, 1th
2016 247, 2th
2015 137, 3th
പുത്തൻ ട്രാക്കിൽ വളരെ പ്രതീക്ഷകളോടെയാണ് എറണാകുളം ടീം ഉറങ്ങുന്നത്. കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. കായികതാരങ്ങളെല്ലാം കഠിന പരിശീലനത്തിലാണ്.
സഞ്ജയ് കുമാർ
കോ-ഓർഡിനേറ്റർ
എറണാകുളം ജില്ലാ ടീം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |