ന്യൂഡൽഹി : ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഡൽഹിയിലും ബംഗാളിലും നടപ്പാക്കാത്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്. രണ്ടിടങ്ങളിലെയും സർക്കാരുകൾ പദ്ധതി നടപ്പാക്കാൻ തയ്യാറാകാത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. ഇവിടങ്ങളിൽ സേവനം നടത്താൻ സാധിക്കാത്തതിൽ മാപ്പും ചോദിച്ചു. ഇതിനു പിന്നാലെയാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.
രാഷ്ട്രീയം കലർത്തരുതെന്ന് കേജ്‌രിവാൾ
ആരോഗ്യ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആം ആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ കേജ്‌രിവാൾ. ഡൽഹിയിൽ സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കിയിട്ടുള്ള സാഹചര്യത്തിൽ കേന്ദ്രപദ്ധതി നടപ്പാക്കേണ്ട കാര്യമില്ല. ആശുപത്രിയിൽ അഡ്മിറ്റായാൽ മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. അഞ്ചുലക്ഷമെന്ന പരിധിയുമുണ്ട്. എന്നാൽ, ഡൽഹിയിൽ അഞ്ചു രൂപയുടെ മരുന്ന് മുതൽ ഒരു കോടി രൂപ വരെയുള്ള ശസ്ത്രക്രിയകൾ വരെ സൗജന്യമാണ്. മെഡിക്കൽ പരിശോധനകളും സൗജന്യം. നരേന്ദ്രമോദി ഡൽഹിയിലെ പദ്ധതി പഠിച്ച് രാജ്യത്ത് നടപ്പാക്കണം. സി.എ.ജി തന്നെ പറയുന്നത് കേന്ദ്രപദ്ധതി തട്ടിപ്പ് നിറഞ്ഞതാണെന്നാണ്- കേജ്‌രിവാൾ ആരോപിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തോടെ: തൃണമൂൽ
മോദിയുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. 'ആയുഷ്‌മാൻ ഭാരതി"നേക്കാൾ മികച്ച ഇൻഷ്വറൻസ് പദ്ധതിയാണ് ബംഗാളിലെ സ്വാസ്ഥ്യ സതിയെന്നും കൂട്ടിച്ചേർത്തു.
ഹർജിയുമായി ബി.ജെ.പി
പദ്ധതി നടപ്പാക്കാത്തത് ചോദ്യംചെയ്‌ത് ഡൽഹിയിലെ ബി.ജെ.പി എം.പിമാർ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ലക്ഷക്കണക്കിന് ഡൽഹി നിവാസികൾക്ക് പ്രയോജനം ലഭിക്കുന്നത് ആം ആദ്മിയും ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളും തടഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു. നടപ്പാക്കുമെന്ന് പറഞ്ഞിട്ട് മലക്കംമറിഞ്ഞെന്നും ചൂണ്ടിക്കാട്ടി.
പ്രയോജനപ്പെടുത്തി കേരളം
പദ്ധതിക്ക് കീഴിൽ ഏറ്റവുമധികം ആശുപത്രി അഡ്മിഷൻ നടന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനം കേരളത്തിനാണ്. 2019 മുതൽ ഇതുവരെ 55 ലക്ഷത്തിൽപ്പരം അഡ്മിഷനുകൾ. ആദ്യ നാലിൽ മൂന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. - തമിഴ്നാട്, കർണാടക, കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |