ന്യൂഡൽഹി : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പും സൈബർ കുറ്റകൃത്യങ്ങളും നേരിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. ഈ തട്ടിപ്പിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിലൂടെ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് നടപടി.
ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി അന്വേഷണ നടപടികൾ നേരിട്ടു വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. ഓരോ കേസും പ്രത്യേകമായി പരിശോധിക്കും.
ലഹരിമരുന്ന്,കള്ളപ്പണ ഇടപാട്,അഴിമതി തുടങ്ങിയ കേസുകളിൽ പ്രതിയായെന്നു പറഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വ്യാജവേഷം ധരിച്ചു വീഡിയോ കാളിലൂടെ തട്ടിപ്പ് നടത്തുന്നത്. കേസ് ഒതുക്കാനും ജാമ്യത്തിനും വൻതുക ആവശ്യപ്പെടും. ഡിജിറ്റൽ അറസ്റ്റ് ചെയ്‌തുവെന്നു പറഞ്ഞ്, അവർ നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് പണം മാറ്റുന്നതുവരെ വീഡിയോ നിരീക്ഷണത്തിലാക്കുന്ന തന്ത്രമാണ് പയറ്റുന്നത്.
സംസ്ഥാനങ്ങളോട്
റിപ്പോർട്ട് തേടി
സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണപുരോഗതി, അറസ്റ്റ് തുടങ്ങിയവ അറിയിക്കണം. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററാണ് (14 സി എന്നും അറിയപ്പെടുന്നു) വിവരങ്ങൾ ക്രോഡീകരിച്ച് തുടർനടപടികൾക്കായി സമിതിക്ക് കൈമാറുന്നത്.
ആറു ലക്ഷം മൊബൈൽ നമ്പറും
3.25 ലക്ഷം അക്കൗണ്ടും തടഞ്ഞു
# സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ആറുലക്ഷം മൊബൈൽ നമ്പറുകളും 709 മൊബൈൽ ആപ്പുകളും 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകളും സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ ഇതുവരെ ബ്ലോക്ക് ചെയ്‌തു.
പ്രധാനമന്ത്രിയുടെ
മുന്നറിയിപ്പ്
ഒരു ഏജൻസിയും വീഡിയോ കാളുകൾ വഴി അന്വേഷണം നടത്തുകയോ ഭീഷണിപ്പെടുത്തുകയോ, പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്. ആരെങ്കിലും ആവശ്യപ്പെട്ടാൽ സ്ക്രീൻഷോട്ട് എടുക്കണം. വീഡിയോ റെക്കാഡ് ചെയ്യണം. ദേശീയ സൈബർ ഹെൽപ്പ്ലൈൻ 1930ൽ വിളിക്കണം. cybercrime.gov.in-ൽ റിപ്പോർട്ട് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |