ന്യൂഡൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം പൂർത്തിയായി. ഇന്നലെ അവസാന ദിവസം വരെ 288 മണ്ഡലങ്ങളിലായി 7,995 സ്ഥാനാർത്ഥികളെ പ്രതിനിധീകരിച്ച് 10,905 നാമനിർദ്ദേശ പത്രികകൾ ലഭിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. പത്രികൾ ഇന്ന് സൂക്ഷ്മമായി പരിശോധിക്കും. നവംബർ 4 ന് പിൻവലിക്കാം. നവംബർ 20നാണ് പോളിംഗ്. വോട്ടെണ്ണൽ നവംബർ 23ന്.
ഇരുമുന്നണികൾക്കും തലവേദനയായി വിമതർ
പത്രികാ സമർപ്പണം പൂർത്തിയായതോടെ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി, കോൺഗ്രസിന്റെ മഹാവികാസ് അഘാഡി മുന്നണികൾക്ക് തലവേദനയായി വിമത ശല്യം. 150ഓളംവിമതർ രംഗത്തുണ്ടെന്നാണ് വിവരം. നവംബർ നാലിന് മുൻപ് ഇവരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാൻ സമ്മർദ്ദം ശക്തം.
ബോറിവ്‌ലിയിൽ ബി.ജെ.പി സ്ഥാനാർത്ഥി സഞ്ജയ് ഉപാദ്ധ്യായ്‌ക്കെതിരെ ഗോപാൽ ഷെട്ടിയും നാസിക്കിലെ നന്ദ്‌ഗാവിൽ ശിവസേന എം.എൽ.എ സുഹാസിനെതിരെ എൻ.സി.പി മന്ത്രി ഛഗൻ ഭുജ്‌ബാലിന്റെ അനന്തരവൻ സമീറും സ്വതന്ത്രരായി മത്സരിക്കുന്നു. ഷിൻഡെയുടെ ശിവസേനയ്‌ക്ക് നൽകിയ മൻഖുർദ് ശിവാജി നഗറിൽ എൻ.സി.പി (അജിത് പവാർ) നവാബ് മാലിക്കിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലി മഹായുതിയിൽ ഭിന്നതയുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശിവസേന (ഷിൻഡെ) സ്ഥാനാർത്ഥി സുരേഷ് കൃഷ്ണ പാട്ടീൽ പ്രചാരണം ആരംഭിച്ചിരുന്നു.
ബി.ജെ.പിയുടെ സമ്മർദ്ദത്തെത്തുടർന്ന് എൻ.സി.പി അനുശക്തി നഗറിൽ നിന്ന് രണ്ട് തവണ എം.എൽ.എയായ നവാബ് മാലിക്കിന് ആദ്യം ടിക്കറ്റ് നിഷേധിച്ചതാണ്. ബി.ജെ.പി നേതാവ് കിരിത് സോമയ്യ മാലിക്കിനെ ഭീകരനെന്ന് വിളിച്ചിരുന്നു. നവാബ് മാലിക് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങിയപ്പോൾ എൻ.സി.പി പാർട്ടി സ്ഥാനാർത്ഥിയാക്കി. സമാജ് വാദി പാർട്ടിയുടെ അബു ആസ്മിയുടെ സിറ്റിംഗ് സീറ്റാണിത്. അനുശക്തി നഗറിൽ നവാബ് മാലിക്കിന്റെ മകൾ സന മാലിക് എൻ.സി.പി സ്ഥാനാർത്ഥിയാണ്.
എം.വി.എയിൽ എല്ലാവരും
തുല്യർ: ചെന്നിത്തല
മഹാ വികാസ് അഘാഡിയിൽ (എം.വി.എ) എല്ലാ പാർട്ടികൾക്കും തുല്യ പരിഗണനയാണെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് ചുമതലയുള്ള രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മഹായുതിയിൽ ബി.ജെ.പി സഖ്യകകക്ഷികളെ ഇല്ലാതാക്കുകയാണെന്നും ശിവസേന, എൻ.സി.പി പാർട്ടികളുടെ സീറ്റുകൾ തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു. എം.വി.എ 288 സീറ്റിലും പത്രിക സമർപ്പിച്ചതായി രമേശ് അറിയിച്ചു. മഹായുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ, എം.വി.എയിൽ ഒരു തർക്കവുമില്ല.
കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ
ബി.ജെ.പിയെ വിമർശിക്കുന്ന കോൺഗ്രസ് സ്വയം ചോദ്യം ചെയ്യണമെന്ന് എം.വി.എയിലെ സീറ്റ് വിഭജനത്തിലുള്ള നീരസം പ്രകടിപ്പിച്ച് സി.പി.ഐ നേതാവ് ഡി രാജ. മഹാരാഷ്‌ട്രയിൽ ബി.ജെ.പിയെ തോൽപ്പിക്കുകയെന്ന പ്രാഥമികലക്ഷ്യം നേടാൻ ശരിയായ രീതിയിൽ സീറ്റ് വിഭജനം നടപ്പാക്കിയോ എന്ന് കോൺഗ്രസ് ആലോചിക്കണം.
രാഹുൽ നവ. 6ന് മുംബയിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നവംബർ ആറിന് മുംബയിൽ എൻ.സി.പി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയ എം.വി.എ നേതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ രാഹുൽ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |