തൃശൂർ: സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇടതും, കേന്ദ്രത്തിന്റേത് എണ്ണിപ്പറഞ്ഞ് എൻ.ഡി.എയും വികസനമുരടിപ്പ് ചർച്ചയാക്കി യു.ഡി.എഫും ചേലക്കരയിൽ പ്രചാരണം തുടങ്ങിയെങ്കിലും സ്ഥിതി മാറി. വേദികളായ വേദികളിലെല്ലാം പൂരം കലക്കലും പൂരം പ്രതിസന്ധിയുമാണ് വിഷയം. വെടിക്കെട്ട് വിഷയത്തിൽ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കി എൽ.ഡി.എഫ് പ്രതിഷേധസംഗമവുമായി രംഗത്തെത്തിയതോടെ ഇനി പ്രചാരണം കൂട്ടപ്പൊരിച്ചിലിലാകും.
അന്തിമഹാകാളൻകാവ് വേലയുടെ വെടിക്കെട്ട് കഴിഞ്ഞ വർഷം മുടങ്ങിയത് വിഷയമാക്കി ബി.ജെ.പി തുടക്കത്തിൽ പ്രതിരോധിച്ചിരുന്നു. പിന്നീടത് തൃശൂർ പൂരം പ്രതിസന്ധിയിലേക്ക് കേന്ദ്രീകരിച്ചു. വെടിക്കെട്ടുനിയന്ത്രണം സംബന്ധിച്ച കേന്ദ്രനിയമവും ആന എഴുന്നെള്ളത്തിന് പ്രതികൂലമായേക്കാവുന്ന ഹൈക്കോടതി നിരീക്ഷണവും പൂരപ്രേമികളിൽ ആശങ്കയായപ്പോൾ ആയുധമാക്കുകയായിരുന്നു മൂന്നു മുന്നണികളും. തൃശൂരിലെ പ്രതിഷേധ സംഗമത്തിന്റെ പ്രചാരണ ബാനറുകൾ ഇടതുപക്ഷം ചേലക്കരയിലും പ്രചരിപ്പിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു.
പൂരത്തിൽ പൊരിച്ച് നേതാക്കളും
ചേലക്കരയിലെത്തിയ എം.വി. ഗോവിന്ദനും സുരേഷ് ഗോപിയും കെ. സുരേന്ദ്രനും വി.ഡി. സതീശനുമെല്ലാം പൂരത്തിൽ പരസ്പരം പഴിചാരി. പ്രാദേശിക നേതാക്കളും ഈ പ്രചാരണം ഏറ്റുപിടിച്ചു. അതേസമയം, പൂരം സംഘാടകർ കൂട്ടായ്മകളിലൂടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇതും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് മുൻപ് സമ്മർദ്ദശക്തിയായി ഇത്തരം കൂട്ടായ്മകൾ മാറിയാൽ നിഷ്പക്ഷ വോട്ടുകൾ മാറിമറിയും. നേതാക്കളുടെ പ്രവചനങ്ങൾക്കപ്പുറം, മുൻ തിരഞ്ഞെടുപ്പുകളിലേക്കാൾ പൂരം പ്രതിസന്ധി ശക്തമായ പ്രചാരണായുധമായി ചേലക്കരയിലും പ്രതിഫലിക്കുകയാണ്.
നേതാക്കളുടെ വൻനിരയുമായി ഇടത് ക്യാമ്പ്
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നിൽ നിന്ന് നയിക്കുമ്പോൾ, മന്ത്രിമാരും മറ്റ് നേതാക്കളും അടക്കം വൻനിരയാണ് അണിയറയിലും അരങ്ങത്തുമുള്ളത്. പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കൺവെൻഷനുകളിലെ പ്രസംഗത്തിന്റെ സമയം കുറച്ചാണ് ഇടതുക്യാമ്പ് തന്ത്രങ്ങൾ മെനയുന്നത്. പാർട്ടിയുടെ അടിത്തട്ടിലുള്ളവരുമായി നേരിട്ട് സംസാരിച്ചും അവലോകന യോഗങ്ങൾ നടത്തിയും അടിവേര് ഉറപ്പിക്കാനുളള ശ്രമങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. യു.ആർ. പ്രദീപിന്റെ പ്രതിച്ഛായയും ഉയർത്തിക്കാട്ടുന്നു.
ഒറ്റക്കെട്ടായി യു.ഡി.എഫ്
പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ള നേതാക്കൾ ഒറ്റക്കെട്ടായി യു.ഡി.എഫിന്റെ വിജയത്തിന് അണിചേരുന്നുണ്ട്. ജില്ലാ നേതാക്കൾ അടക്കം ബൂത്ത് കേന്ദ്രീകരിച്ച് വീടുവീടാന്തരം പ്രചാരണത്തിനിറങ്ങുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അറിവഴകൻ ഒരു മാസത്തിലധികമായി മണ്ഡലത്തിലുണ്ട്. എം.എൽ.എമാരും കെ.പി.സി.സി ഭാരവാഹികളും വിവിധ പഞ്ചായത്തുകളുടെ ചുമതലക്കാരായി ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. സ്ത്രീകൾക്കിടയിൽ രമ്യ ഹരിദാസിന്റെ സ്വീകാര്യതയും പ്രചാരണായുധമാക്കുന്നുണ്ട്.
പഞ്ച് ഡയലാേഗുകളിൽ ബി.ജെ.പി
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗുകളും മാസ് പ്രസംഗങ്ങളും കൂടിയായതോടെ ബി.ജെ.പി ക്യാമ്പുകൾ പതിന്മടങ്ങ് ആവേശത്തിലായെന്ന് നേതാക്കൾ പറയുന്നു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ തുടക്കം മുതൽക്കേ രംഗത്തുണ്ട്. പുതിയ വോട്ടർമാരെ ചേർത്തും ആർ.എസ്.എസ് പ്രവർത്തനങ്ങൾ ശക്തമാക്കിയും പ്രചാരണം കടുപ്പിച്ചു. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി മുസ്‌ലിം പള്ളികളിലും പി.സി. ജോർജ് ക്രൈസ്തവ മേഖലകളിലും എത്തിയിരുന്നു. സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ പ്രാദേശിക നേതാവാണെന്നും എൻ.ഡി.എ ഉയർത്തിക്കാണിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |