പാലക്കാട്: കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാല് വർഷമായി കേന്ദ്രസർക്കാർ നെല്ലിന് കിന്റലിന് 438 രൂപ താങ്ങുവില വർദ്ധിച്ചപ്പോൾ സംസ്ഥാന സർക്കാർ 233 രൂപ കുറച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന പണം പോലും സംസ്ഥാന സർക്കാർ കർഷകർക്ക് നൽകാൻ തയ്യാറാവുന്നില്ല. സംസ്ഥാന സർക്കാരിന്റെ നയം കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും സംസ്ഥാന സർക്കാർ നെൽകർഷകരുടെ തുക കുറച്ചു കൊണ്ടിരിക്കുകയാണ്. ആന്ധ്ര അരിലോബിയെയും മില്ലുടമകളെയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ കർഷകരാണ് സർക്കാർ നയത്തിന് ഇരയാവുന്നത്. കർഷകരുടെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാൻ ആവശ്യമായ ശരിയായ ഇടപെടലുകൾ നടത്താൻ ബിജെപി പരിശ്രമിക്കും. അരിക്ഷാമം കേരളത്തിൽ അനുഭവപ്പെടാത്തത് കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്നത് കൊണ്ടാണ്. നെൽ കർഷകരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന നിലപാട് എങ്കിലും സംസ്ഥാന സർക്കാർ സ്വീകരിക്കണം. നെല്ല് സംഭരിക്കാനുള്ള സഹായമെങ്കിലും സപ്ലൈകോയ്ക്ക് ചെയ്തു കൊടുത്തൂടെ. ഏത് സമയത്താണ് വിളവെടുക്കേണ്ടത് എന്ന് അറിയാവുന്ന സപ്ലൈകോ എന്തിനാണ് സംഭരണത്തിന് കാലതാമസം വരുത്തുന്നത്.
ലോകത്ത് ഒരു സ്ഥലത്തും ഇല്ലാത്ത തരത്തിലുള്ള നിബന്ധനകൾ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. നെല്ലിന് 30 രൂപ വില കിട്ടേണ്ടത് സംസ്ഥാനം ഇല്ലാതാക്കി. കേന്ദ്രം കൊടുക്കുന്ന പണം ട്രഷറിയിൽ വകവാറ്റി ചെലവഴിച്ച കർഷകർക്ക് ലോൺ എടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കുന്നത് സംസ്ഥാന സർക്കാരാണ്. കഴിഞ്ഞവർഷം സംഭരിച്ച് പണം ഇപ്പോഴും കിട്ടാനുണ്ട്. ബോധപൂർവ്വമായ അലംഭാവമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് എൻഡിഎയും ഇൻഡി മുന്നണിയും തമ്മിലാണ് മത്സരം. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഇൻഡി മുന്നണി സഖ്യകക്ഷികൾ മത്സരിക്കുന്നത്. വയനാട് ദുരിതാശ്വാസ പാക്കേജിനെ കുറിച്ച് കൃത്യമായ നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിക്കും. കേന്ദ്രവിഹിതമായി ലഭിച്ച 786 കോടി രൂപ എന്തു ചെയ്തുവെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. പ്രതിപക്ഷം ഇക്കാര്യത്തിൽ മറുപടി പറയണം. എല്ലാത്തിനും പിണറായി വിജയനെ പിന്തുണയ്ക്കുന്ന വിഡി സതീശൻ ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ദിവ്യ നടത്തുന്ന അഴിമതി ഏത് ബിനാമികൾക്ക് വേണ്ടിയാണെന്ന് ഗോവിന്ദൻ പറയണം. പിപി ദിവ്യയെ സംരക്ഷിച്ചത് സിപിഎം സംസ്ഥാന നേതൃത്വമാണ്. ഗത്യന്തരമില്ലാതെയാണ് ദിവ്യ കീഴടങ്ങിയത്. പിപി ദിവ്യയുടെത് സിപിഎമ്മിന്റെ അടുക്കള കാര്യമല്ലെന്ന് ഗോവിന്ദൻ മനസ്സിലാക്കണം. ആരാണ് ദിവ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചത്? ആരാണ് നിയമസഹായം ചെയ്തത് എന്നെല്ലാം ഗോവിന്ദൻ വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |