പ്രശസ്ത ചലച്ചിത്ര സംയോജകൻ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിൽ മലയാള ചലച്ചിത്രലോകം. മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ചിത്രങ്ങളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച ചിത്ര സംയോജകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ കങ്കുവ നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് പ്രിയപ്പെട്ട വരെ കണ്ണീരാലാഴ്ത്തി നിഷാദ് വിട പറയുന്നത്. ചെന്നൈയിൽ കഴിഞ്ഞദിവസം നടന്ന കങ്കുവയുടെ ഒാഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ നിഷാദിനെ കണ്ടെത്തുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം സിനിമയിൽ സ്പോട്ട് എഡിറ്ററായാണ് തുടക്കം. വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയയിലൂടെ സ്വതന്ത്ര എഡിറ്ററായി. ഉണ്ട,സൗദി വെള്ളക്ക, തല്ലുമാല, വൂൾഫ് , ഒാപ്പറേഷൻ ജാവ , വൺ, ചാവേർ, രാമചന്ദ്രബോസ് ആൻഡ് കോ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോഗാ, എക്സിറ്റ് എന്നിവയാണ് ചിത്ര സംയോജനം നിർവഹിച്ച പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, നസ്‌ലിന്റെ ആലപ്പുഴ ജിംഖാന , തരുൺ മൂർത്തിയുടെ മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ചിത്രീകരണത്തിന് ഒരുങ്ങുന്ന ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന സിനിമയുടെ ചിത്രസംയോജന ചുമതല ഏറ്റെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |