കൊച്ചി: മധുരം വിളമ്പിയും പടക്കങ്ങൾ പൊട്ടിച്ചും ദീപങ്ങൾ തെളിയിച്ചും നാടെങ്ങും ദീപാവലി ആഘോഷം. നാവിൽ കൊതിയൂറുന്ന മധുരവിഭവങ്ങളും പടക്കങ്ങളും വാങ്ങാൻ ഏതാനും ദിവസങ്ങളായി ബേക്കറികളിലും കടകളിലും വൻ തിരക്കാണ്. പുതുവസ്ത്രവും ആഭരണങ്ങളും വാങ്ങാനും തിരക്കാണ്. കൊച്ചിയിലെ വടക്കേയിന്ത്യക്കാർ താമസിക്കുന്ന പ്രദേശങ്ങളിലാണ് ആഘോഷമേറെയും.
കച്ചവടക്കാർ കൂടുതൽ മധുരപലഹാരങ്ങളും പടക്കങ്ങൾ, ചിരാതുകൾ എന്നിവയെല്ലാം അധികമായി എത്തിച്ചു. പല വലിപ്പത്തിലും വിലയിലുമുള്ള മധുരപലഹാര ബോക്സുകൾ കടകളിൽ ലഭ്യാണ്. ദീപങ്ങളുടെ ആഘോഷമായാണ് ദീപാവലി അറിയപ്പെടുന്നതെങ്കിലും പടക്കവും മധുരപലഹാരവും ആഭരണവും വസ്ത്രവും ഭക്ഷണവും ആഘോഷത്തിന്റെ ഭാഗമാണ്.
ബ്രോഡ്‌വേയിലും പരിസര പ്രദേശങ്ങളിലുമുള്ള കടകളിൽ വൻ തിരക്കാണ്. പടക്കക്കടളിലും തിരക്കുണ്ട്. ശിവകാശിയിൽ നിന്നാണ് പടക്കങ്ങളെത്തുന്നത്.
കൈയടക്കി മധുരപലഹാര വിപണി
മധുരപലഹാര വിപണിയിലാണ് കൂടുതലായും വ്യാപാരം. ബേക്കറികൾ മുഴുവൻ സമയവും സജീവമാണ്. പലഹാരങ്ങൾക്ക് വിലയും കൂടിയിട്ടുണ്ട്. പലഹാരങ്ങൾ നിറഞ്ഞ പലതരത്തിലുള്ള ബോക്‌സുകളായാണ് ഭൂരിഭാഗം ബേക്കറിയുടമകളും വില്പന നടത്തുന്നത്. 150 മുതൽ 750 രൂപയുടെ വരെ ബോക്‌സുകളുണ്ട്. ജിലേബി കിലോ 220, പേട 480, ലഡു 220 രൂപ എന്നിങ്ങനെയാണ് വില.
ഓണവും വിഷുവും കഴിഞ്ഞാൽ പിന്നെ പടക്കവിപണി ഉണരുന്നത് ദീപാവലിക്കാണ്. നല്ല കച്ചവടമുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യാവുന്ന പടക്കങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്
ആനി ബെന്നി
പി.വി. ജോൺ ഫയർവർക്‌സ് ക്രാക്കേർസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |