കോട്ടയം : വേമ്പനാട്ടുകായലിന്റെ അടിത്തട്ടിൽ ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം കുന്നുകൂടിയതോടെ ജീവന് വേണ്ടി പിടഞ്ഞ് മത്സ്യങ്ങൾ. പ്ലാസ്റ്റിക് കൂടിനുള്ളിൽ തീറ്റതേടി കയറുന്ന മത്സ്യങ്ങൾ പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ കൂടിനുള്ളിൽ കുടങ്ങി ചാകുന്ന ഗുരുതര പ്രതിസന്ധിയാണ്. കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് (കുഫോസ് ) ശാസ്ത്രജ്ഞരുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സി.എം.എഫ്.ആർ.ഐ സമീപ കാലത്തു നടത്തിയ പഠനത്തിൽ മത്സ്യത്തിന്റെ ശരീരത്തിലെ മസിലുകളിൽ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നവരുടെ ശരീരത്തിലും പ്ലാസ്റ്റിക്കിന്റെ അംശമെത്തും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കും. മത്സ്യ സമ്പത്തിനെയും മാലിന്യം വൻതോതിൽ ബാധിച്ചിട്ടുണ്ട്. കരിമീൻ, മൊരശ്, കണമ്പ്, കായൽ വറ്റ, നങ്ക്, തുടങ്ങിയവ കുറഞ്ഞു. കക്കയുടെ വളർച്ചക്കും പ്ലാസ്റ്റിക്ക് ഭീഷണിയാണ്. കായലിന്റെ തെക്കു ഭാഗത്ത് കറുത്ത കക്ക ശേഖരം കുറഞ്ഞതോടെ വൈക്കം കായലിൽ നിന്ന് വിത്തുകക്കകൾ ശേഖരിച്ച് തെക്കു കായൽ ഭാഗത്തു വിതറി ഉത്പാദനം കൂട്ടാനുള്ള ശ്രമം തുടങ്ങി.
ആഴംകൂട്ടിൽ പ്രഖ്യാപനത്തിൽ
പ്ലാസ്റ്റിക്ക് അടക്കം വേമ്പനാട്ടുകായലിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യുന്നതിനുള്ള പദ്ധതികൾ സംസ്ഥാന ബഡ്ജറ്റിലും കുട്ടനാട് പാക്കേജിലും പ്രഖ്യാപിച്ചെങ്കിലും ആഴം കൂട്ടാനോ മാലിന്യം നീക്കാനോ ഒരു ശ്രമവുമില്ല. പല സ്ഥലത്തും കായലിന്റെ ആഴം കുറഞ്ഞു. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക്ക് കുരുങ്ങുന്നത് ജലഗതാഗത സർവീസിനെയും ബാധിക്കുകയാണ്. ഇത് പടിഞ്ഞാറൻമേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കും. ഹൗസ് ബോട്ടുകൾക്കും സുഗമമായി മുന്നോട്ടുപോകാനാകാത്തത് ടൂറിസം മേഖലയ്ക്കും തിരിച്ചടിയാണ്.
''പ്ലാസ്റ്റിക്ക് മാലിന്യത്തിനു പുറമേ നാലു നദികളിൽ നിന്നെത്തുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടി കുപ്പത്തൊട്ടിയായി വേമ്പനാട്ടുകായൽ മാറി. പ്രായോഗിക നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാകുന്നില്ല. പ്ലാസ്റ്റിക്ക് അംശം നിറഞ്ഞ മത്സ്യം കഴിച്ച് രോഗികളാകുന്നതിനെക്കുറിച്ച് ബോധവത്ക്കരണവും നടത്തേണ്ടിയിരിക്കുന്നു.
അശോകൻ (മത്സ്യത്തൊഴിലാളി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |