നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാവും നിർദ്ധന കുടുംബത്തിൽ പെട്ടവർ. ഓട്ടോ തൊഴിലാളികളും ബാർബർ ഷോപ്പിൽ ജോലിക്ക് നിൽക്കുന്നവരും മീൻ വിറ്റ് ഉപജീവനം കഴിക്കുന്നവരുമടക്കമാണ് അപകടത്തിൽപെട്ടത്. കുടുംബത്തിന്റെ അത്താണികളാണ് ഇവരിൽ അധികം പേരും.
അതിഗുരുതരാവസ്ഥയിൽ കഴിയുന്ന കിനാനൂരിലെ സന്ദീപ് ഓട്ടോ തൊഴിലാളിയാണ്. നേരത്തെ ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന യുവാവ് വർഷങ്ങൾക്ക് മുമ്പാണ് ഓട്ടോ വാങ്ങിയത്. ചോയ്യങ്കോട് സ്റ്റാൻഡിലെ തൊഴിലാളിയായ സന്ദീപ് തെയ്യങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് വീരർകാവിലെ കളിയാട്ടത്തിനെത്തിയത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന മഞ്ഞളംകാട്ടെ ബിജുവും ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. നേരത്തെ ട്രാവലർ വാടകക്കെടുത്ത് ഓടിച്ചിരുന്ന ബിജു കൊല്ലാമ്പാറ ഓട്ടോസ്റ്റാൻഡിലെ തൊഴിലാളിയാണ്. ഗുരുതരമായി പരിക്കേറ്റ രതീഷ് ചോയ്യങ്കോട്ടെ ബാർബർ ഷോപ്പിൽ തൊഴിലാളിയാണ്. ആസ്റ്റർ മിംസ് ആശുപത്രിയിൽ കഴിയുന്ന പയ്യങ്കുളത്തെ സന്തോഷ് പണിക്കർ തെയ്യകോലധാരിയും ഓട്ടോ തൊഴിലാളിയുമാണ്.കൊല്ലമ്പാറ ഓട്ടോ സ്റ്റാൻഡിൽ നിന്ന് കളിയാട്ടം കാണുന്നതിനായി ആളുകളുമായി എത്തിയതായിരുന്നു ഈ യുവാവ്.
തെയ്യത്തിന്റെ അടി ഭയന്ന് അരികിലേക്ക് മാറി
ഉറഞ്ഞാടിക്കഴിഞ്ഞാൽ വില്ലുകൊണ്ടും പരിച കൊണ്ടും അടിക്കുന്ന ഉഗ്രമൂർത്തിയാണ് മൂവാളംകുഴി ചാമുണ്ഡി. തെയ്യത്തിന്റെ ചുറ്റിലും ആർത്തുവിളിക്കുന്ന സംഘവുമായി ഏറ്റുമുട്ടിക്കൊണ്ടാണ് ഈ തെയ്യത്തിന്റെ കലാശം. തട്ട് കിട്ടാതിരിക്കാനും ബഹളത്തിൽ പെടാതിരിക്കാനുമായി ഒരരികിൽ മാറി നിന്നവരാണ് അപകടത്തിനിരയായത്.
സർക്കാർ സഹായം കൊണ്ട് ഒന്നുമാകില്ല
ദുരന്തത്തിനിരയായവരുടെ ചികിത്സാ ചിലവ് വഹിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അപകടത്തിനിരയായവർക്ക് ഇതുകൊണ്ട് ഒന്നുമാകില്ല. അന്നന്നത്തെ അദ്ധ്വാനം കൊണ്ട് ജീവിക്കുന്ന ഇവരിൽ ഭൂരിഭാഗം പേരുടെയും കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അന്നുതന്നെ പലർക്കും അരലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായെന്നാണ് വിവരം. ക്ഷേത്രം അധികൃതരുടെ അലംഭാവം സംഭവത്തിന് പിന്നിലുള്ളതിനാൽ അർഹമായ തരത്തിൽ ഈ കുടുംബങ്ങളെ സഹായിക്കാൻ തയ്യാറാകണമെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |