മുതിർന്ന പൗരന്മാർ എന്ന് ബഹുമാനപുരസരം വിളിക്കപ്പെടുന്ന, എഴുപതു വയസു പൂർത്തിയായവർക്കായി നരേന്ദ്രമോദി ഗവൺമെന്റ് കൊണ്ടുവന്ന ആയുഷ്‌മാൻ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. മുതിർന്ന പൗരന്മാരുടെ വിവരശേഖരണവും പദ്ധതി നടത്തിപ്പു സംബന്ധിച്ച നടപടികളും ഇനിയും പുറത്തുവരേണ്ടതുണ്ട്. എങ്കിലും നൂതനമായ ഈ ആരോഗ്യ സുരക്ഷാ പദ്ധതി ഔദ്യോഗികമായി നിലവിൽ വന്നതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് എഴുപതു തികഞ്ഞ ഓരോ പുരുഷനും സ്‌ത്രീക്കും പദ്ധതിയിൽ അംഗത്വമെടുത്ത് ചികിത്സാ ആനുകൂല്യങ്ങൾ നേടാനാകും. ലഘുവായ നടപടിക്രമങ്ങളേയുള്ളൂ. ആധാർ കാർഡ് നൽകി രജിസ്ട്രേഷൻ എടുത്തുകഴിഞ്ഞാൽ പദ്ധതിയുടെ ഭാഗമാകാം. നിലവിൽ മറ്റേതെങ്കിലും ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്കും ആയുഷ്‌മാൻ പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.
വൃദ്ധജനങ്ങൾ ജീവിതസായാഹ്നത്തിൽ ഇന്ന് ഏറെ കഷ്ടതയനുഭവിക്കുന്നത് ആയുസ് നിലനിറുത്താനാണ്. പ്രായമാകുന്നതോടെ നോക്കാനോ പരിചരിക്കാനോ രോഗാവസ്ഥയിൽ ചികിത്സ ലഭ്യമാക്കാനോ ഉറ്റവരാരും അടുത്തില്ലാതെ കോടിക്കണക്കിനാളുകൾ ജീവിതത്തെ ശപിച്ച് കഴിയുന്നുണ്ട്. കുടുംബത്തിന്റെ വരുമാനം ഭക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കും തികയാത്ത ദരിദ്ര - ഇടത്തരം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ അങ്ങേയറ്റത്തെ ബാദ്ധ്യത തന്നെയാണ്. അവിടെയാണ് കേന്ദ്രത്തിന്റെ കാരുണ്യ സ്പർശമുള്ള ആയുഷ്‌മാൻ ആരോഗ്യ പദ്ധതി മുതിർന്ന പൗരന്മാർക്ക് അനുഗ്രഹമാകാൻ പോകുന്നത്. ഏതു നല്ല ജനകീയ പദ്ധതികളെയും സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ ഇകഴ്‌ത്തിക്കാട്ടാനും മുഖംതിരിഞ്ഞു നിൽക്കാനും ഇവിടെ ധാരാളം പേരുണ്ട്. ആയുഷ്‌മാൻ ആരോഗ്യ പദ്ധതിയോട് ബംഗാളിലെ തൃണമൂൽ സർക്കാരും ഡൽഹിയിലെ ആം ആദ്‌മി സർക്കാരും ഇത്തരം നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ ഈ രണ്ടു സംസ്ഥാനങ്ങളിലെയും ഭരണാധികാരികളെ നിശിതമായി വിമർശിച്ചത് വെറുതെയല്ല. ഈ രണ്ടിടത്തെയും മുതിർന്ന പൗരന്മാർക്ക് ലഭിക്കേണ്ടിയിരുന്ന ചികിത്സാ പരിരക്ഷ, എതിരിടൽ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബംഗാൾ- ഡൽഹി ഭരണാധികാരികൾ തട്ടിത്തെറിപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
ആറുകോടിയിൽപ്പരം വന്ദ്യ വയോജനങ്ങൾക്കു പ്രയോജനപ്പെടേണ്ട പദ്ധതി, ബംഗാളും ഡൽഹിയും വിട്ടുനിന്നതോടെ നാലരക്കോടി പേരിലേക്കു ചുരുങ്ങിയത് രാഷ്ട്രീയാന്ധത ബാധിച്ച നേതാക്കളുടെ കേന്ദ്ര വിരുദ്ധ സമീപനത്തിനു തെളിവാണ്. ഇതുപോലെ ജനങ്ങൾക്കും സമൂഹത്തിനു പൊതുവിലും ഉപകാരപ്പെടേണ്ട എത്രയോ നല്ല പദ്ധതികളാണ് രാഷ്ട്രീയാതിപ്രസരത്തിൽപ്പെട്ട് ജനങ്ങളിൽ നിന്ന് തട്ടിത്തെറിപ്പിക്കപ്പെടുന്നത്. വൃദ്ധജനങ്ങൾ രോഗം പിടിപെട്ടാൽ ചികിത്സിക്കാൻ വക കാണാതെ ദുരിതമനുഭവിക്കുമ്പോൾ രാഷ്ട്രീയം കളിച്ച് ആനുകൂല്യം നിഷേധിക്കുന്നതിനെ എങ്ങനെ സാധൂകരിക്കാനാകും?
ഏതു വിധേനയും ജനങ്ങൾക്ക് ആനുകൂല്യം വാങ്ങിക്കൊടുക്കാൻ പ്രയത്നിക്കേണ്ട ഭരണാധികാരികൾ ഇത്തരത്തിൽ കേന്ദ്ര വിരോധത്തിന്റെ പേരിൽ പദ്ധതിയെ തുരങ്കംവയ്ക്കാൻ പെടാപ്പാടു പെടുകയാണ്. സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ചു നഷ്ടമൊന്നും ഉണ്ടാകാത്ത ചികിത്സാ പദ്ധതിയെന്ന നിലയ്ക്ക് ഈ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിനു പകരം കേന്ദ്രത്തിന്റേതെന്ന കാരണത്താൽ മാത്രം തള്ളിക്കളയുന്നത് പാവപ്പെട്ട രോഗികളോടും അവരുടെ കുടുംബങ്ങളോടും കാണിക്കുന്ന വലിയ ക്രൂരതയാണ്. ഡൽഹിയിൽ ആം ആദ്‌മി പാർട്ടി അധികാരത്തിലേറിയത് ഒട്ടേറെ ജനകീയ പദ്ധതികളിലൂടെയാണെന്നത് മറക്കരുതായിരുന്നു. തൃണമൂൽ കോൺഗ്രസ് മേധാവി മമതാ ബാനർജിയും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഒപ്പം നിന്നാണ് തുടർച്ചയായി ഭരണത്തിലേറിയത്. രാഷ്ട്രീയാന്ധത ഇവരെയൊക്കെ എത്രത്തോളം പിന്നോട്ടു കൊണ്ടുപോയെന്ന് വ്യക്തമാക്കുന്നതാണ് ആയുഷ്‌മാൻ ചികിത്സാ പരിരക്ഷ തങ്ങൾക്ക് ആവശ്യമില്ലെന്ന നിഷേധാത്മക നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |