ഇടുക്കിയിലെ ഏലമലക്കാടുകളിൽ (സി.എച്ച്.ആർ- കാർഡമം ഹിൽ റിസർവ്) പുതിയ പട്ടയം അനുവദിക്കുന്നത് സുപ്രീം കോടതി വിലക്കിയതോടെ കൈവശഭൂമിയ്ക്ക് പട്ടയമെന്ന മലയോരജനതയുടെ സ്വപ്നത്തിന് വലിയ തിരിച്ചടിയാകും. സംസ്ഥാന സർക്കാർ സമർപ്പിച്ച രേഖകളിലെ ആശയക്കുഴപ്പം മൂലമുണ്ടായ കോടതിവിധി ജില്ലയിൽ ഒരു ലക്ഷത്തോളം പേരെ നേരിട്ടു ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2009ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 1993 സ്‌പെഷ്യൽ ആക്ട് പ്രകാരം ജില്ലയിലെ 25,000 ഹെക്ടർ ഭൂമിയിൽ പട്ടയവിതരണത്തിന് അനുമതി ലഭിച്ചത്. ഇതിനുള്ള നടപടികൾ മുടങ്ങുമെന്നറിഞ്ഞതോടെ അപേക്ഷ നൽകി കൈവശഭൂമിക്ക് പട്ടയം കാത്തിരിക്കുന്ന കാൽലക്ഷത്തിലധികം പേർ ആശങ്കയിലാണ്. ഇതുകൂടാതെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശമായ രാജക്കാട്ടെ പട്ടയങ്ങൾ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന മൂന്ന് ചെയിൻ മേഖലയിലെ പട്ടയങ്ങൾ എന്നിവയെയും കോടതിവിധി ബാധിക്കും. ലാൻഡ് റജിസ്റ്ററിൽ ഏലം കൃഷി എന്നു രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, കൽക്കൂന്തൽ മേഖലയിലെ ജനങ്ങളെയും ഈ വിധി ബാധിക്കും. രാജാക്കാട്, രാജകുമാരി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങി സി.എച്ച്.ആറിന്റെ പരിധിയിലുള്ള വില്ലേജുകളിലെ വ്യാപാരസ്ഥാപനങ്ങൾക്കുള്ള പട്ടയ വിതരണത്തെക്കൂടി ബാധിക്കുന്നതോടെ ജില്ലയിൽ ഒരു ലക്ഷത്തോളം പേർക്ക് തിരിച്ചടിയാകും.
1964 ആക്ട് പ്രകാരമുള്ള പട്ടയവിതരണം കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി തടഞ്ഞിരുന്നു. ജില്ലയിലെ ഭൂരിപക്ഷം പട്ടയങ്ങളും 93, 64 നിയമങ്ങൾ പ്രകാരമായതിനാൽ ഇടുക്കിയിലെ ജനങ്ങളുടെ പട്ടയം എന്ന സ്വപ്നം സഫലമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അന്തിമവിധി എതിരായാൽ നിലവിൽ വിതരണം ചെയ്ത പട്ടയങ്ങളെയും ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഈ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങളും വന്നേക്കാം. സ്വന്തം ഭൂമി വായ്പയ്ക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കാനും കഴിയാതാവും. സി.എച്ച്.ആർ ഭൂമിയുടെ അളവിന്റെ കാര്യത്തിലും ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണത്തിലും സർക്കാർ വ്യക്തത വരുത്തി കോടതിയെ സമീപിക്കണമെന്നാണു ജനത്തിന്റെ ആവശ്യം.
പട്ടയ നടപടികൾ നിലച്ചു
ഇടുക്കി ജില്ലയിലെ ഏലമല കുന്നുകളിൽ പുതിയ പട്ടയം അനുവദിക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ജില്ലയിലെ പട്ടയ നടപടികൾ പൂർണമായും നിലച്ചു. ഉടുമ്പൻചോല താലൂക്ക് പൂർണമായും ഇടുക്കി താലൂക്കിലെ കാഞ്ചിയാർ, കട്ടപ്പന, വാത്തിക്കുടി, കൊന്നത്തടി വില്ലേജുകളും പീരുമേട് താലൂക്കിലെ ചക്കുപള്ളം, അയ്യപ്പൻകോവിൽ, ആനവിലാസം വില്ലേജുകളും ദേവികുളം താലൂക്കിലെ ബൈസൺവാലി, പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളുമാണ് സി.എച്ച്.ആറിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. സി.എച്ച്.ആർ റവന്യൂ ഭൂമിയാണോ, വനഭൂമിയാണോ എന്ന തർക്കം ഇതുവരെ അവസാനിച്ചിട്ടില്ലെങ്കിലും 2007ൽ അന്നത്തെ ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ 2,64,000 ഏക്കറാണ് സി.എച്ച്.ആറിന്റെ ചുറ്റളവെന്നും ഇത് ഇ.എസ്.എ ആയി സംരക്ഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സി.എച്ച്.ആർ വനഭൂമിയാണെന്നും അതിനാൽ ഇവിടത്തെ പട്ടയങ്ങൾ റദ്ദാക്കി ഭൂമി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന നൽകിയ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഏലമലക്കാടുകൾ വനഭൂമിയാണെന്ന് കാട്ടി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് വിവാദമായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പള്ളിവാസൽ വില്ലേജിൽ സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്ന രണ്ട് ഏക്കർ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേവികുളം താലൂക്കിലെ പള്ളിവാസൽ വില്ലേജിൽ സ്വകാര്യ വക്തികൾ കൈവശം വച്ചിരിക്കുന്ന രണ്ട് ഏക്കർ മൂന്ന് സെന്റ് ഏലം കുത്തക പാട്ട ഭൂമി തിരിച്ച് പിടിച്ചു കൊണ്ടുള്ള ഉത്തരവിലായിരുന്നു ഇക്കാര്യം വ്യക്തമാക്കുന്നത്. 1897ലെ തിരുവിതാംകൂർ ഗസറ്റിൽ പ്രസിദ്ധീകരിച്ച രാജവിളമ്പരത്തിൽ ട്രാവൻകൂർ ഫോറസ്റ്റ് റഗുലേഷനിൽ സി.എച്ച്.ആർ സംരക്ഷിത വനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ഇത് സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവുകളും ഉദ്ധരിച്ചിരിക്കുന്നു. നേരത്തെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനും മരങ്ങൾ വനം വകുപ്പിന്റെ കീഴിലുമായിരുന്നു. ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി ആയിരക്കണക്കിന് ഹെക്ടർ ഭൂമിയാണ് സി.എച്ച്.ആർ പട്ടയത്തിലുള്ളത്. ഇതിൽ ഉടുമ്പൻചോലയിലെ ചിന്നക്കനാൽ, താവളം ഒഴികെയുള്ള ഭൂമിയെല്ലാം സി.എച്ച്.ആർ ആണ്.
നൂറ്റാണ്ടിന്റെ ചരിത്രം
സി.എച്ച്.ആറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമാണുള്ളതെങ്കിലും ജില്ലയിലെ ഏലമലക്കാടുകൾക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 2007ൽ സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ 1822 ഏപ്രിലിൽ തിരുവിതാംകൂർ രാജഭരണകാലത്ത് ഏലമലക്കാടുകളുമായി ബന്ധപ്പെട്ട ഇറക്കിയ വിളംബരത്തിന്റെ പകർപ്പ് സമർപ്പിച്ചിട്ടുണ്ട്. 1869ൽ ഏലമലക്കാടുകളുടെ ഭരണ സൗകര്യത്തിനായി പ്രത്യേകം ഓഫീസറെ നിയമിച്ചതിന്റെ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പാട്ടം സ്വീകരിക്കുക, കള്ളക്കടത്ത് തടയുക എന്നിവയൊക്കെ ഈ ഓഫീസറുടെ ചുമതലയായിരുന്നു. 1897 ആഗസ്റ്റ് 24ന് ഇറങ്ങിയ സർക്കാർ ഉത്തരവിൽ 15720 ഏക്കർ സ്ഥലം സി.എച്ച്.ആർ റിസർവ് വനമായി വിജ്ഞാപനം ചെയ്തു. 1910 ജനുവരി 15ന് കാർഡമം ഡിപ്പാർട്‌മെന്റ് ലാൻഡ് റവന്യൂ ഡിപ്പാർട്‌മെന്റിൽ ലയിപ്പിച്ചു. 1942ലാണ് സർക്കാർ ഏലമലക്കാടുകൾ ലേലത്തിലൂടെ പാട്ട വ്യവസ്ഥയിൽ നൽകി തുടങ്ങിയത്. ഏലമലക്കാടുകൾ 12 വർഷത്തേക്ക് പാട്ടത്തിന് നൽകാനും പിന്നീട് പാട്ടം പുതുക്കാനും വ്യവസ്ഥ ചെയ്തു കൊണ്ട് 1945 സെപ്തംബർ 26ന് സർക്കാരിന്റെ ഉത്തരവിറങ്ങി. അതിന് ശേഷമാണ് ഏലമലക്കാടുകളുടെ ഭരണ നിയന്ത്രണം റവന്യൂ, വനം വകുപ്പുകൾക്കായി വിഭജിച്ച് നൽകിയത്. ഏലമലക്കാടുകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ക്രമവത്കരിക്കുന്നതിനായി 1958ൽ സ്‌പെഷ്യൽ സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |