ദുരവസ്ഥ 25 ലക്ഷത്തിന് താഴെ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക്
കണ്ണൂർ :മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന 25 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് പത്ത് മാസത്തെ ശമ്പളം കുടിശ്ശിക.മുൻ വർഷത്തെ കുടിശ്ശിക കഴിഞ്ഞ സെപ്തംബറിലാണ് തീർത്തുനൽകിയത്. ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ സംഖ്യ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ജീവനക്കാർ. ഓരോ അമ്പലങ്ങളുടേയും വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ശമ്പളം. അടിസ്ഥാന ശമ്പളം 12, 500 രൂപയാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 1800 ക്ഷേത്രങ്ങളിൽ 1000 ക്ഷേത്രങ്ങളിലെ ജീവനക്കാർക്കാണ് നിലവിൽ പ്രതിസന്ധി.
മലബാർ ദേവസ്വം ബോർഡ് ശമ്പള കുടിശ്ശിക നൽകുന്നതിനായി 30 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും രണ്ടും മൂന്നും കോടികളായാണ് ഓരോ ഡിവിഷനുകൾക്കും നൽകിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞമാസം ഒരു കോടി രൂപ ലഭിച്ചപ്പോഴാണ് 2003ലെ കുടിശ്ശിക തീർത്തത്.കാസർകോട്, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിങ്ങനെ അഞ്ച് ഡിവിഷനുകളാണുള്ളത്.ഇതിൽ കാസർകോട് ഡിവിഷന് രണ്ടര കോടി ലഭിക്കാനുണ്ട്.
2009 മാർച്ചിലെ ശമ്പള പരിഷ്‌കരണത്തിന് ശേഷം 2021 ഫെബ്രുവരിയിൽ പുതുക്കിയ ഉത്തരവ് ഇറക്കിയത്.എന്നാൽ 2019 ജനുവരി മുതൽ 2023 വരെയുള്ള അഞ്ച് വർഷത്തെ കുടിശ്ശിക പിന്നീട് തീരുമാനിക്കുമെന്ന് സർക്കാർ നിലപാടെടുത്തതോടെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എന്ന് ശമ്പളം ലഭിക്കുമെന്ന് പോലും ൻ ബോർഡിന് പറയാനാകുന്നില്ല.
ഒറ്റ ബോർഡ്;രണ്ടുതരം ജീവനക്കാർ
ഫലത്തിൽ ബോർഡിലെ ജീവനക്കാർക്ക് രണ്ട് തരം നീതി എന്ന തരത്തിലാണിപ്പോൾ കാര്യങ്ങൾ. മൂന്ന് ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ള ക്ഷേതങ്ങളിലെ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ബോർഡ് നൽകുമെന്ന ആദ്യ ഉത്തരവിലെ ഉറപ്പ് പുതിയ ഉത്തരവോടെ റദ്ദായി. പരമാവധി 70 ശതമാനം മാത്രമെ ബോർഡ് നൽകുകയുള്ളുവെന്നാണ് പുതിയ ഉത്തരവിൽ. വരുമാനം തീരെ ഇല്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ഇതുമൂലം 30 ശതമാനം ശമ്പളം കുറയുമെന്നും ഉറപ്പാണ്.
ബോർഡ് ഡയറി ഇറക്കുന്ന തിരക്കിൽ
ഈ വർഷം പുതുക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിവിഷൻതല ക്യാമ്പുകൾ നടത്തി ശമ്പള പട്ടിക തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് കടലാസ്സിൽ മാത്രമായി ഒതുങ്ങി. ക്ഷേത്രങ്ങളിൽ നിന്നും ഭീമമായ തുകയ്ക്കുള്ള പരസ്യം സ്വീകരിച്ച് ഡയറി പ്രസിദ്ധീകരിക്കുവാനുള്ള തിരക്കിലാണ് ദേവസ്വം ബോർഡ് ഇപ്പോൾ. പ്രസിദ്ധീകരിക്കുന്ന ഡയറികൾ ഭൂരിഭാഗവും ബോർഡിന് പുറത്ത് ഉന്നത കേന്ദ്രങ്ങളിലേക്ക് കടത്തുകയാണ് പതിവ്.
എക്സിക്യുട്ടീവ് ഓഫീസർമാർക്കും പരാതിയുണ്ട്
ബോർഡ് ക്ഷേത്രങ്ങളിലെ ഭരണാധികാരികളായ എക്സിക്യൂട്ടീവ് ഓഫീസർമാരുടെ 2019ലെ ശമ്പളപരിഷ്കരണ ഉത്തരവിലെ അശാസ്ത്രീയത ഇതുവരെ പരിഹരിച്ചില്ല . പുതുക്കിയ ശമ്പളം ലഭിക്കുമ്പോഴേക്കും സർക്കാർ അടുത്ത ശമ്പളപരിഷ്‌കരണം പ്രഖ്യാപിക്കും.അതെസമയം ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണ ആനുകൂല്യം ലഭിക്കുന്നുമുണ്ട്.
മലബാർ ദേവസ്വം ബോർഡിൽ
ആകെ ക്ഷേത്രങ്ങൾ 1800
വരുമാനമില്ലാത്ത ക്ഷേത്രങ്ങൾ 1000
ക്ഷേത്ര ജീവനക്കാർ-5000
എക്സിക്യുട്ടീവ് ഓഫീസർമാർ 60
കാസർകോട് ഡിവിഷനിൽ മാത്രം കുടിശ്ശിക 2.50 കോടി
അടിസ്ഥാന ശമ്പളം 12000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |