സംസ്ഥാനത്ത് ഡിജിറ്റൽ ഇ.ബുക്ക് പദ്ധതി ഇതാദ്യം
തളിപ്പറമ്പ്: സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതിയുമായി എം.വി.ആർ പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്‌കൂൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിന്റെ (കോസ്ടെക് ) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോസ്ടെക് ചെയർമാനും എം.വി.ആർ പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി. സ്കൂൾ മാനേജരുമായ പ്രൊഫ.ഇ.കുഞ്ഞിരാമന്റെ നേതൃത്വത്തിൽ സ്‌കൂളിൽ വച്ച് ധാരണാപത്രം ഒപ്പിട്ടു .
എമിറ്റി ടെക്പോളിസ്, സായ് സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ്, ഇൻക്‌മൈൻഡ് എന്നീ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. എമിറ്റി ടെക്ക്നോപോളിസ് വിദ്യാലയത്തിലേക്കുള്ള സമ്പൂർണ്ണ ഹാർഡ്‌വെയറും സാങ്കേതിക പിന്തുണയും ഒരുക്കും. സായ് സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിലെ സ്മാർട്ട് ക്ലാസ്റൂമുകൾക്കായുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തും. ഇൻക്‌മൈൻഡ് വിദ്യാർത്ഥികളുടെ പഠനത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ വളർത്തുന്നതിന് അനുയോജ്യമായ അപ്ലിക്കേഷനുകൾ വികസിപ്പിക്കും.
ഇൻക്‌മൈൻഡ് മാനേജിംഗ് പാർട്ണർ സജികുമാർ തോട്ടുപുര വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ എഡ്യൂക്കേഷൻ സമ്പ്രദായത്തെക്കുറിച്ചും ഇ -ബുക്ക് പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു എമിറ്റി ടെക്പോളിസ് സി.ഇ.ഒ ബദറുദ്ദീൻ മുഹമ്മദ്, സായ് സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് പ്രോജക്ട് കോർഡിനേറ്റർ തോമസ് സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മാസ്റ്റർ ടി.വി.പ്രകാശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ്
ഡിജിറ്റൽ ഇ-ബുക്ക് എന്നത് പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പാണ്. പുസ്തകങ്ങൾ പോലെ തന്നെ ഇ-ബുക്കുകൾ കമ്പ്യൂട്ടർ, ടാബ്‌ലറ്റ്, സ്മാർട്ട്‌ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ വായിക്കാം. ഇതുവഴി കുട്ടികൾക്ക് പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിക്കാനും അദ്ധ്യാപകർക്ക് ലളിതമായി പഠിപ്പിക്കാനും രക്ഷിതാക്കൾക്ക് കൂടുതൽ സുതാര്യമായി കുട്ടികളുടെ പഠനകാര്യങ്ങളിൽ ഇടപെടാനും സാധിക്കും.
ഗുണങ്ങൾ നിരവധി
ഡിജിറ്റൽ ഇ-ബുക്കുകൾ, വിദ്യാർത്ഥികളുടെ പഠനശേഷി വർദ്ധിപ്പിക്കും
ഇന്ററാക്ടീവ് ഫീച്ചറുകൾ, വീഡിയോ എന്നിവയുടെ സഹായത്തോടെ ആഴത്തിലുള്ള അറിവ് ലഭിക്കും
പഠനസമ്പ്രദായം കൂടുതൽ ആകർഷകവും ആധുനികവുമാകും
വിദ്യാർത്ഥികളിലെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കും
വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രധാനമാണെന്നും ഈ പദ്ധതി, വിദ്യാർത്ഥികളെ കൂടുതൽ കാര്യക്ഷമതയുള്ളവരാക്കുകയും, അവരുടെ പഠനക്ഷമതയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യും -പ്രൊഫ.ഇ.കുഞ്ഞിരാമൻ ( സ്കൂൾ മാനേജർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |