കോഴിക്കോട്: ദീപാവലി, ക്രിസ്മസ്, പുതുവത്സരം തുടങ്ങി ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങുമ്പോൾ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. ഹരിത ട്രിബ്യൂണൽ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആഘോഷ വേളകളിൽ ഹരിത പടക്കങ്ങൾ മാത്രമെ ജില്ലയിൽ വിൽപ്പന നടത്താനും ഉപയോഗിക്കാനും പാടുള്ളൂ.
ഇവിടങ്ങളിൽ പാടില്ല
നിശബ്‌ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ല.
നിയന്ത്രണം ഇങ്ങനെ
ദീപാവലി, ഉത്സവ ദിവസങ്ങൾ രാത്രി എട്ട് മുതൽ രാത്രി 10 വരെ
ക്രിസ്തുമസ്, പുതുവത്സര ആഘോഷം രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെ
പടക്ക വിപണിയിൽ ഉണർവ്
ജില്ലയിൽ ദീപാവലി ആഘോഷങ്ങൾ കുറവാണെങ്കിലും ഇത്തവണ പടക്കം വിപണിയിൽ നേരിയ ഉണർവ് ദൃശ്യമായി. വർണക്കാഴ്ചകൾ ഒരുക്കുന്ന ഫാൻസി പടക്കങ്ങളാണ് വിപണിയിൽ ഏറെയും. പതിവു താരങ്ങളായ കമ്പിത്തിരി, പൂത്തിരി, നിലച്ചക്രം, തുടങ്ങിയ ഇഷ്ടയിനങ്ങൾക്കും ചെലവുണ്ടെന്ന് പുതിയങ്ങാടിയിലെ അയ്യൻസ് വേൾഡ് കടയുടമ ശങ്കർ ഉദയൻ പറഞ്ഞു. പത്ത് രൂപ മുതൽ 10,000 രൂപവരെയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്. തമിഴ്നാട് ശിവകാശി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുള്ള പടക്കങ്ങളാണ് വിപണിയിൽ എത്തുന്നത്. ശബ്ദമലിനീകരണം ഒഴിവാക്കി വർണത്തെ കൂട്ടുപിടിച്ചാണ് ഇക്കുറി ദീപാവലി വിപണി ഒരുങ്ങിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |