ബെംഗളുരു : ഐ.പി.എൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ നായക സ്ഥാനത്തേക്ക് വിരാട് കൊഹ്‌ലി തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. 2013 മുതൽ 2021വരെ ആർ.സി.ബിയെ നയിച്ച വിരാട് ഒരു കിരീടം പോലും നേടാനാവാതെ 2021 ഐ.പി.എല്ലിന് ശേഷം സ്വയം സ്ഥാനമൊഴിയുകയായിരുന്നു. തുടർന്ന് മൂന്ന് സീസണുകളിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ളെസി നയിച്ചിട്ടും ആർ.സി.ബിക്ക് കിരീടത്തിലെത്താനായിരുന്നില്ല.
40കാരനായ ഡുപ്ളെസി അടുത്ത സീസണിൽ കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് ആർ.സി.ബി പുതിയ നായകനെത്തേടിത്തുടങ്ങിയത്. ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഡുപ്ളെസിയെ ലേലത്തിലൂടെയാണ് ആർ.സിബി സ്വന്തമാക്കിയത്. അടുത്ത മെഗാ താരലേലത്തിൽ പുതിയ നായകനെ സ്വന്തമാക്കുന്നതിനുള്ള പദ്ധതികളാണ് ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് വിരാടിന് ഒരു അവസരം കൂടി നൽകാൻ ക്ളബ് തീരുമാനിക്കുകയായിരുന്നു. ഇതിനോട് വിരാടും അനുകൂലമായി പ്രതികരിച്ചു എന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |