കൊച്ചി: 'സൈലന്റ് ഓപ്പണിംഗ്' ഒരുക്കി സംസ്ഥാന സ്കൂൾ കായികമേളയുടെ മാറ്റുകുറച്ചെന്ന ആക്ഷേപമുയരവേ, ചെസ് മത്സരങ്ങളും പൂർത്തിയാക്കിയത് ആരെയും അറിയിക്കാതെ! സബ് ജൂനിയർ മുതൽ സീനിയർ വരെ ആറ് കാറ്റഗറിയിലെ മത്സരങ്ങളാണ് നിശ്ചയിച്ചിരുന്ന തീയതിക്ക് മുമ്പായി ഇന്നലെ കുസാറ്റ് ക്യാമ്പസിൽ നടത്തിയത്. നവംബർ 5,6 തീയതികളിൽ നടക്കേണ്ടിയിരുന്ന അണ്ടർ 16-17 വിഭാഗം (ആൺ -വനിതാ) ഷൂട്ടിംഗ് മത്സരങ്ങൾ 26,27 തീയതികളിൽ നടത്തിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളെപ്പോലും സംഘാടകർ അറിയിച്ചിരുന്നില്ല. അതേസമയം ഷൂട്ടിംഗ്,ചെസ് മത്സരങ്ങൾ നേരത്തെ നടത്തിയത് വിജയികൾക്ക് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ നാലിന് തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സബ് ജൂനിയർ ആൺകുട്ടികളുടെ ചെസ് മത്സരത്തിൽ കണ്ണൂർ രാമന്തളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സാവന്ത് കൃഷ്ണൻ സ്വർണം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് വട്ടോളി നാഷണൽ എച്ച്.എസ്.എസിലെ അവന്തിക ആർ. പ്രവീൺ വിജയം സ്വന്തമാക്കി. ജൂനിയർ ബോയ്‌സിന്റെ ചെസ് മത്സരത്തിൽ തൃശൂർ അമ്മടം സെന്റ് ആന്റണീസ് എച്ച്.എസ്.എസിന്റെ ഇ.യു അഹാസ് സ്വർണം സ്വന്തമാക്കി. പെൺകുട്ടികളുടെ ഇതേ വിഭാഗത്തിൽ സ്വർണം കൊല്ലം തേവലക്കര ഗേൾസ് എച്ച്.എസിലെ പൗർണമിക്കാണ്. സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ തൃശൂർ മാള സെന്റ് ആന്റണീസ് എച്ച്.എസ്.എസിന്റെ എസ്. ആദിത്യനും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ആര്യാട് ഗവ. വി.എച്ച്.എസ്.എസിന്റെ ആർ. രാധികയും സ്വർണം നേടി.
26ന് നടന്ന എയർ പിസ്റ്റൾ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തിന്റെ അതുല്യ എസ്. നായർ സ്വർണം നേടി. തൃക്കാക്കര കാർഡിയൻ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. എയർ പിസ്റ്റൾ സീനിയർ ആൺകുട്ടികളിൽ തൃശൂരിന്റെ കെനസ് ബി. കോട്ടൂരാനാണ് സ്വർണം. പീപ് എയർ റൈഫിൾ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലത്തിനായി ആംസ്‌ട്രേംഗ് ജോർജ് മെൻഡിസ് സ്വർണം വെടിവച്ചിട്ടു. ഇതേ വിഭാഗം പെൺകുട്ടികളിൽ കോഴിക്കോട് സ്വർണം നേടി. ഇഷ് ആമിന അസ്ലമാണ് ഒന്നാമതെത്തിയത്.എയർ പിസ്റ്റൾ ജൂനിയർ ആൺകുട്ടികളിൽ എറണാകുളത്തിന്റെ ആര്യൻ കെ. രത്തൻ 357 പോയിന്റ് നേടി ഒന്നാമതെത്തി. 364 പോയിന്റ് സ്വന്തമാക്കി പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിന്റെ ആര്യനന്ദ പൊന്നണിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |