തിരുവനന്തപുരം : പത്താം ക്ലാസിലേയും പ്ലസ് ടുവിലേയും ഗ്രേസ് മാർക്ക് സ്വപ്നം കണ്ടാണ് സ്‌പോർട്സ് സ്‌കൂളിലേക്ക് വന്നതെന്നും 60 മാർക്ക് സ്വപ്നം കണ്ട തന്റെ കൈയിൽ ഇന്ന് ഒളിമ്പിക്സ് മെഡലെത്തിയെന്നും പി.ആർ.ശ്രീജേഷ്. സംസ്ഥാന സർക്കാർ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ശ്രീജേഷിന്റെ വാക്കുകൾ: 'നിങ്ങളിവിടെ ഇരിക്കുന്നപോലെ പല പരിപാടിയ്ക്കും ഞാൻ വന്നിരുന്നിട്ടുണ്ട്.പല കായികതാരങ്ങൾക്കും സ്വീകരണം നൽകിയപ്പോൾ ഇതുപോലെ പല കോർണറിലിരുന്ന് കൈയിടിച്ചിട്ടുമുണ്ട്. നിങ്ങളിടുന്ന ഷൂവിനേക്കാൾ മോശപ്പെട്ട ഷൂവായിരുന്നു ഞാനന്നിട്ടിരുന്നത്. കീറിയ ഷൂവും കീറിയ ജഴ്സിയുമിട്ടാണ് അന്ന് പല കളികൾക്കും പോയിരുന്നത്. ജി.വി.രാജ സ്‌പോർട്സ് സ്‌കൂളിലേക്ക് വന്നുകഴിഞ്ഞപ്പോൾ എനിക്കുണ്ടായിരുന്ന ആകെയൊരു ലക്ഷ്യം അറുപത് മാർക്ക് ഗ്രേസ്മാർക്കായിരുന്നു. 60 മാർക്ക് മാത്രം സ്വപ്നം കണ്ട എനിക്ക് രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടാനായി. ഈ ചെറുപ്രായത്തിൽ നിങ്ങൾ ഒളിമ്പിക്സിലെ ഗോൾഡ് മെഡൽ സ്വപ്നം കാണുകയാണെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാനും മെഡൽ നേടാൻ കഴിയും. - ശ്രീജേഷ് പറഞ്ഞു.
താരമായി മകൻ ശ്രീഅൻഷ്
സ്വീകരണ ചടങ്ങിൽ ആദ്യവസാനം പി.ആർ.ശ്രീജേഷിന്റെ ഏഴുവയസുകാരൻ മകൻ ശ്രീഅൻഷായിരുന്നു താരം. ശ്രീജേഷ് വേദിയിൽ ഇരുന്നതിന് പിന്നാലെ സദസിൽ നിന്ന് ശ്രീഅൻഷ് കൈവീശി. ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജേഷിനോട് മകനാണോയെന്ന് ചോദിച്ചു. പിന്നാലെ വേദിയിലേക്ക് വിളിപ്പിച്ചു. ശ്രീജേഷിന്റെ മടിയിലിരുന്ന ശ്രീഅൻഷിനോട് മുഖ്യമന്ത്രി വിശേഷങ്ങൾ തിരക്കി. സമീപത്തിരുന്ന മന്ത്രി ശിവൻകുട്ടിയെയും പരിചയപ്പെട്ടു. മുഖ്യമന്ത്രി ശ്രീജേഷിനെയും മകനെയും ചേർത്താണ് പൊന്നാടയണിയിച്ചത്. പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിലും നരേന്ദ്രമോദിയോട് കുശലം പറയുന്ന ശ്രീഅൻഷ് ശ്രദ്ധേയനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |