കോഴിക്കോട് : വെള്ളിമാട്കുന്ന് 15-ാം വാർഡിൽ നിന്നും സി.പി.എമ്മിന്റെ പിന്തുണയോടെ മത്സരിച്ച് വിജയിച്ച കൗൺസിലർ ടി.കെ. ചന്ദ്രൻ കോൺഗ്രസിൽ ചേർന്നു. കോർപറേഷൻ കൗൺസിലിന്റെ ഇന്നലെ നടന്ന യോഗത്തിൽ ടി.കെ.ചന്ദ്രൻ പ്രതിപക്ഷ ബഞ്ചിലേക്ക് മാറിയിരുന്നു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ഷാൾ അണിയിച്ച് സ്വീകരിച്ചു. യു.ഡി.എഫ്. കൗൺസിലർമാർക്ക് ഒപ്പമാണ് ചന്ദ്രൻ കൗൺസിൽ ഹാളിൽ എത്തിയത്. കഴിഞ്ഞ ദിവസം എം.കെ രാഘവൻ എം.പി ഇദ്ദേഹത്തിന് വീണ്ടും കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചിരുന്നു. സി.പി.എമ്മുമായി ഒത്തു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കോൺഗ്രസിലേക്കുള്ള മടക്കമെന്ന് ടി.കെ ചന്ദ്രൻ വ്യക്തമാക്കി.
ഫണ്ട് ഏകപക്ഷീയമായി വിനിയോഗിക്കുന്നു; യോഗത്തിൽ പ്രതിഷേധം
അമൃത് പദ്ധതിയിലെ സേവിങ്സ് ഫണ്ട് ഏകപക്ഷീയമായി വിനിയോഗിക്കുന്നതിനെതിരെ കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. അമൃത് പദ്ധതിയിലെ സേവിംഗ്സ് ഫണ്ട് ഉപയോഗിച്ച് കോർപ്പറേഷൻ 16ാം വാർഡിലെ കൂവളത്തൂർ താഴം റോഡ് ഡ്രെയിൻ, വെള്ളോട്ട് റോഡ് ഡ്രെയിൻ പ്രവൃത്തി പൂർത്തീകരിക്കാൻ മേയർ മുൻകൂർ അനുമതി നൽകിയ അജണ്ടയിലാണ് പ്രതിഷേധം. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് വന്ന അജണ്ടകളിലെല്ലാം ഭരണപക്ഷ കൗൺസിലർമാരുടെ വാർഡിലേക്കാണ് സേവിങ്ങിസ് തുക മാറ്റിയിരിക്കുന്നതെന്ന് കൗൺസിലർ കെ.സി ശോഭിതയും മൊയ്തീൻ കോയും ചൂണ്ടികാട്ടി. ഫണ്ട് വിനിയോഗിക്കാനുള്ള കാലാവധി ഡിസംബർമാസത്തോടെ അവസാനിക്കുമെന്നും അതിന് മുമ്പ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പദ്ധതിയിലേക്കും അവസാനിക്കുന്ന പദ്ധതിയിലേക്കും അമൃതിലെ സേവിങ്ങ് ഫണ്ട് വിനിയോഗിക്കാനാണ് ശ്രമിച്ചതെന്ന് ഡെപ്യൂട്ടി മേയർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |