പിങ്കണിഞ്ഞ് കോർപറേഷൻ
കോഴിക്കോട്: നഗരത്തിൽ ഓടിത്തളരുന്ന ഓട്ടോഡ്രെെവർമാർക്ക് ആ 'ശങ്ക' തീർക്കാൻ നഗരത്തിൽ ഇടങ്ങളില്ലെന്ന പരാതികൾക്ക് വിട. കൂടുതൽ കംഫർട്ട് സ്റ്രേഷൻ ആരംഭിക്കാൻ കോർപറേഷൻ. നഗരത്തോട് ചേർന്നുള്ള കോർപറേഷൻ സ്ഥലത്തോ പുറമ്പോക്ക് ഭൂമി തുടങ്ങിയ ഇടങ്ങളിലോ കംഫർട്ട് സ്‌റ്റേഷൻ നിർമ്മിക്കും. മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കൗൺസിലർ ബിജുരാജിന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മേയറുടെ മറുപടി. കൗൺസിലർമാർ ഭൂമി സംബന്ധമായ കാര്യങ്ങൾ അന്വേഷിക്കണമെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ അറിയിക്കണമെന്നും മേയർ പറഞ്ഞു. കംഫർട്ട് സ്‌റ്റേഷന് ഭൂമി കണ്ടെത്തിയാൽ അവിടെ നിർമാണം നടത്താൻ സന്നദ്ധത അറിയിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. പണം നൽകി കംഫർട്ട് സ്റ്റേഷൻ ഉപയോഗിക്കുന്നതിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മേയർ വ്യക്തമാക്കി. നിലവിൽ കംഫർട്ട് സ്റ്രേഷനില്ലാത്തിനാൽ ബുദ്ധി‘മുട്ട്’ സഹിക്കാൻ വയ്യാതെയാകുമ്പോൾ പലരുടെയും ആശ്രയം വ്യാപാര സ്ഥാപനങ്ങളുടെ പിന്നാമ്പുറങ്ങളാണ്. ഇടവഴിയിൽ ആളൊഴിയുന്ന നേരം വേണം ഓട്ടോ ഡ്രൈവർമാർക്ക് ആ‘ശങ്ക’ തീർക്കാൻ. നഗരത്തിലെ വലിയ വ്യാപാര സ്ഥാപനങ്ങളിലും സമുച്ചയങ്ങളിലുമാണ് ശുചിമുറി സൗകര്യമുള്ളത്.
പാർക്കിംഗിംനായി ഇടം, നിശ്ചിത എണ്ണം ഓട്ടോകൾ മാത്രം
നഗരത്തിൽ ഓട്ടോകളുടെ പാർക്കിംഗുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേഷൻ കമ്മിറ്റിയുമായി ചേർന്ന് തീരുമാനമെടുക്കും. അതിന് മുന്നോടിയായി ഓട്ടോതൊഴിലാളി സംഘടനാ നേതാക്കൾ, പൊലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവരുടെ സംയുക്ത യോഗം ചേർന്ന് പാർക്കിംഗ് ഓട്ടോ – ടാക്സി സ്റ്റാൻഡുകളുടെ
വിഷയത്തിൽ ചർച്ച നടത്തും. നിശ്ചിത എണ്ണം ഓട്ടോകൾക്കായി ഓരോ മേഖലയിലും പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയാൽ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവും. ഇക്കാര്യം വിശദമായി ചർച്ച നടത്തും. തുടർന്ന് തീരുമാനം ട്രാഫിക് റെഗുലേഷൻ കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാനാണ് തീരുമാനം.
ഗാന്ധി പാർക്ക് നവീകരണം ഉടൻ
ശോചനീയാവസ്ഥയിലായ നാലാം ഗേറ്റ് ഗാന്ധി പാർക്ക് ഉടൻ നവീകരിക്കാനും ഭിന്നശേഷി സൗഹൃദമാക്കാനും യോഗത്തിൽ തീരുമാനം. പ്രതിപക്ഷ കൗൺസിലർ റംലത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മേയർ. നിലവിൽ കാട് മൂടി പാർക്കിലെ ബെഞ്ചുകളെല്ലാം നശിച്ച നിലയിലാണ്. പാർക്കിന്റെ സംരക്ഷണം ഏറ്റെടുത്ത ഹോർട്ടി കോർപ്പ് സൊസൈറ്റി മാമ്പഴ ഫെസ്റ്റ് നടത്തുന്നതല്ലാതെ നവീകരണ പ്രവത്തനങ്ങൾ നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ജില്ലാ കളക്ടർ ചെയർമാനായ കമ്മിറ്റിയായിരുന്നു പാർക്ക് പരിപാലിച്ചിരുന്നത്. പിന്നീട് ഹോർട്ടി കോർപ്പ് സൊസൈറ്റിയ്ക്ക് കെെമാറുകയായിരുന്നു. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാനും കൗൺസിലിൽ തീരുമാനമായി. വിവിധ കൗൺസിലർമാർ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ചർച്ചകളുമായെത്തി. ജയലക്ഷ്മി റോഡ്, പി.എം താജ് റോഡ്, കെ.പി കേശവമേനോൻ റോഡ്, തളി റോഡ് തുടങ്ങിയവയെല്ലാം പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായിരിക്കുകയാണ്. എത്രയും പെട്ടന്ന് റോഡുകൾ നന്നാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ചേരും.
പിങ്കിലലിഞ്ഞ്
പിങ്കണിഞ്ഞ് കോർപറേഷൻ കൗൺസിൽ. സ്തനാർബുദം ബോധവത്കരണത്തിന്റെ ഭാഗമായാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിൽ യോഗത്തിൽ പിങ്ക് വേഷം ധരിച്ച് മേയറും കൗൺസിലർമാരുമെത്തിയത്. വേഷം മാത്രമല്ല ഇടവേളകളിൽ കുടിക്കാൻ നൽകിയ ജ്യൂസും പലഹാരവും പിങ്ക് നിറത്തിൽ തന്നെ. കൗൺസിലിൽ ഉപയോഗിക്കാനുള്ള അജണ്ടയും പിങ്ക് നിറത്തിലുള്ളതായിരുന്നു. ഇതോടൊപ്പം ബോധവത്കരണ ബാഡ്ജുകളും വിതരണം ചെയതു. സ്താനാർബുദം നേരത്തെ തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കുക എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |