കോഴിക്കോട്: വർണപ്പൊടികൾ വാരിവിതറിയും ആടിയും പാടിയും പടക്കം പൊട്ടിച്ചുമെല്ലാം ദീപാവലി ആഘോഷത്തിലാണ് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ താമസക്കാർ. ഇന്നലെ രാവിലെത്തുടങ്ങിയ ദീപാവലി ആഘോഷത്തിമിർപ്പിലാണ് ഇവിടുത്തെ കുട്ടികളും. പകൽ മുഴുവൻ ദീപാവലി പലഹാരങ്ങളുടെ തിരക്കിട്ട വിൽപ്പനയിലായിരിക്കും കൂട്ടത്തിൽ പലരും. ഇവിടുത്തെ വീടുകളിലുണ്ടാക്കുന്ന ദീപാവലി പലഹാരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അതിനാൽ രാത്രിയിലാണ് ആഘോഷങ്ങളെല്ലാം. വീടിനു ചുറ്റും ദീപങ്ങളൊരുക്കും. പിന്നെ എല്ലാവരും ഒരുമിച്ചിരുന്ന് ആട്ടവും പാട്ടും. ഇന്നലെ ഗുജറാത്തി ക്ഷേത്രത്തിൽ പ്രത്യേകപൂജകളും നടന്നു. ക്ഷേത്രം കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികളും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും രാത്രി ദീപം തെളിയിക്കലും പടക്കം പൊട്ടിക്കലുമുണ്ടായിരുന്നു. ഇന്നും ആഘോഷങ്ങൾ തുടരും. മുൻപൊക്കെ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളായിരുന്നു ഇവിടെ. എന്നാൽ ഇപ്പോഴത് രണ്ടോ മൂന്നോ ദിവസത്തിലേക്ക് ചുരുങ്ങിയെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. ആഘോഷങ്ങൾക്ക് ദേശഭാഷാവ്യത്യാസങ്ങളില്ല, വർഷങ്ങളായി ഇതാണ് ഞങ്ങളുടെ നാട്. കോഴിക്കോടുമായി ഇഴകിച്ചേർന്നു. ഞങ്ങളുടേതായിരുന്ന ഈ ആഘോഷം ഇന്ന് എല്ലാവരുടേതുമായി. ഇനിയും ഇതിങ്ങനെതന്നെ തുടരണമെന്നും ഇവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |