ചിറ്റൂർ: കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ രണ്ടാം വിള കൃഷിയിറക്കാൻ അടിയന്തരമായി ജലവിതരണം നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ഉപയോഗിക്കാൻ കഴിയാത്ത തരത്തിലുള്ള ചെളി പുരണ്ട വയ്‌ക്കോൽ പാടങ്ങളിൽ തന്നെ കെട്ടി കിടക്കുകയാണ്. ഇത് ട്രാക്ടർ ഉപയോഗിച്ചു ഉഴുത് മറിക്കണം. ശേഷം വരമ്പു പണികൾ നടത്തി വീണ്ടും ട്രാക്ടർ ഇറക്കണം. ഇതിന് വെള്ളം അനിവാര്യമാണ്. കൊയ്യാനുള്ള പാടങ്ങളിലും വെള്ളം ആവശ്യമാണ്. വെള്ളമില്ലെങ്കിൽ കൊയ്ത്ത് യന്ത്രം ചെളിയിൽ താഴ്ന്ന് കൊയ്ത്തിന് കൂടുതൽ സമയം എടുക്കും. ജലസേചന കനാലുകൾ ഏറെയും കാട് മൂടി കിടക്കുകയാണ്. ജലവിതരണം നടത്തണമെങ്കിൽ കനാലുകൾ വൃത്തിയാക്കേണ്ടതുണ്ട്. ജലസേചന വകുപ്പ് ഇത്തരം പ്രവൃത്തികൾ മുൻകൂട്ടി ചെയ്യാതെ കൊയ്ത്ത് സമയത്താണ് കനാലിലെ കാട് വെട്ടാൻ കരാർ കൊടുക്കുന്നത്. കരാറുകാർ നാമമാത്രമായ ജോലിക്കാരെ ഇറക്കി ഒച്ചിഴയും വേഗത്തിലാണ് പണികൾ നടത്തുന്നതെന്ന ആക്ഷേപവും ഉണ്ട്. യഥാസമയം വെള്ളം ലഭിക്കാതിരുന്നാൽ രണ്ടാംവിള കൃഷിയിറക്കൽ വൈകും. നേരത്തെ ഞാറ്റടി തയ്യാറാക്കാൻ സ്ഥലം മാറ്റി വെച്ച കർഷകർ ഞാറു പാകി 20 ദിവസം കഴിഞ്ഞു. 10 ദിവസം കൊണ്ട് നടീൽ പണികൾ നടത്തിയില്ലെങ്കിൽ ഞാറു മൂപ്പ്കൂടും. മൂപ്പ് കൂടിയ ഞാറ് നട്ടാൽ വിളവു കുറയുമെന്ന ആശങ്കയിലാണ് കർഷകർ. മാത്രമല്ല എല്ലാ കൃഷിയിടത്തിലും പണികൾ ഒരുമിച്ച് വന്നാൽ ട്രാക്ടറും കർഷക തൊഴിലാളികളെയും കിട്ടാൻ ബുദ്ധിമുട്ട് നേരിടും. അതിനാൽ കനാൽ വൃത്തിയാക്കൽ വേഗത്തിലാക്കി യഥാസമയം ജലവിതരണം നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |