കൊച്ചി: ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപിക്കുമെന്ന ആശങ്കയിൽ ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെ നിലവറയിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണശേഖരം രഹസ്യ ദൗത്യത്തിലൂടെ റിസർവ് ബാങ്ക് ഇന്ത്യയിലെത്തിച്ചു. 2022 സെപ്തംബറിനുശേഷം ഇതുവരെ 214 ടൺ സ്വർണമാണ് തിരിച്ച് നാട്ടിലെത്തിച്ചത്. 1990കളുടെ തുടക്കത്തിൽ ബാലൻസ് ഒഫ് പേയ്‌മെന്റ് പ്രതിസന്ധിമൂലം ഇന്ത്യ വിദേശത്ത് സ്വർണം പണയംവച്ച് പണം കണ്ടെത്താൻ നിർബന്ധിതരായിരുന്നു. ഇത്തരം പ്രതിസന്ധി ഭാവിയിൽ ഒഴിവാക്കാനാണ് വൻതോതിൽ സ്വർണംവാങ്ങി ലണ്ടനിൽ സൂക്ഷിച്ചത്. പുതിയ സാഹചര്യത്തിൽ സ്വർണം നാട്ടിൽ സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്ന് വിലയിരുത്തുന്നു. റിസർവ് ബാങ്കും കേന്ദ്രസർക്കാരും ഏറെ കരുതലോടെ പൂർണ സുരക്ഷഒരുക്കി പ്രത്യേക വിമാനങ്ങളിലാണ് സ്വർണം കൊണ്ടുന്നത്. ദൗത്യം രഹസ്യമായി സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സ്വർണമെത്തിക്കുന്നതിലെ തടസങ്ങൾ ഒഴിവാക്കാൻ നികുതി ഇളവുകൾ നൽകി നടപടികൾ ലളിതമാക്കി.
ഇന്ത്യയുടെ സ്വർണ ശേഖരം
റിസർവ് ബാങ്കിന്റെ മൊത്തം ശേഖരം 855 ടൺ
നാട്ടിൽ സൂക്ഷിക്കുന്നത് 510.5 ടൺ
സുരക്ഷിതത്വത്തിന് പ്രധാന പരിഗണന
1. നയതന്ത്രങ്ങളും പ്രതിരോധ, സാമ്പത്തിക മുന്നേറ്റവും വെല്ലുവിളികൾ നേരിടാൻ ഇന്ത്യയ്‌ക്ക് കരുത്ത് കൂട്ടുന്നു
2. പശ്ചിമേഷ്യയിലും റഷ്യയിലും രാഷ്‌ട്രീയ സംഘർഷം കൂടുമ്പോൾ വിദേശത്ത് സ്വർണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ല
3. പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ ഡോളറിന് പകരം വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുന്നു
ലോകത്തിന്റെ സ്വർണ നിലവറ
ലണ്ടനിലെ ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും ബാങ്ക് ഒഫ് ഇന്റർനാഷണലിന്റെയും നിലവറയിൽ 324 ടൺ സ്വർണമാണ് ഇന്ത്യ സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ 20 ടൺ നിക്ഷേപമെന്ന നിലയിലും ബാക്കി ഫിസിക്കൽ രൂപത്തിലുമാണ്. ബ്രിട്ടീഷ് സെൻട്രൽ ബാങ്കിന്റെ ഭൂഗർഭ അറയിലെ അതീവ സുരക്ഷയുള്ള ഒൻപത് നിലവറകളിൽ ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെയും ഉടമസ്ഥതയിലുള്ള നാലുലക്ഷം ബാറുകൾ (5,350 ടൺ) സ്വർണമാണ് സൂക്ഷിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |