വടക്കഞ്ചേരി: പുതുക്കോട് ഗ്രാമീണ റോഡുകളെല്ലാം തർന്നിട്ട് ഒരു വർഷത്തിലേറെയായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. പുതുക്കോട് അഞ്ചുമുറി റോഡ്, കാരപ്പറ്റ ചൂലിപ്പാടം റോഡ്, മണപ്പാടം റോഡ് എന്നിവയെല്ലാം തകർന്ന നിലയിലാണ്. പുതുക്കോട് അഞ്ചുമുറി റോഡ് തകർന്ന് കുണ്ടും കുഴിയുമായപ്പോൾ കുറച്ചു മെറ്റൽ കൊണ്ടുവന്നിട്ടു ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് അധികൃതർ ചെയ്തതെന്ന് വ്യാപാരികൾ പറയുന്നു. കനത്ത മഴയിൽ മെറ്റൽ ഭൂരിഭാഗവും ഒഴുകി പോയി.
പുതുക്കോട് പഴയന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ചൂലിപ്പാടം റോഡ്. തൃശൂർ മെഡിക്കൽ കോളേജ്, എളനാട്, ചേലക്കര, ഷൊർണൂർ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴികൂടിയാണിത്. 2019 ൽ 3.4 കോടിരൂപ ചെലവിൽ റോഡ് നവീകരണം തുടങ്ങിയെങ്കിലും പാതിവഴിയിൽ മുടങ്ങി. റോഡ് നവീകരണ ഭാഗമായി വിവിധയിടങ്ങളിൽ റോഡിനു കുറുകെ നിർമിച്ച കലുങ്കുകളുടെ കോൺക്രീറ്റ് സ്ലാബും റോഡും തമ്മിലുള്ള നിരപ്പുവ്യത്യാസവും അപകടക്കെണിയാകുന്നുണ്ട്. കാരപ്പൊറ്റ ചുലിപ്പാടം റോഡ് നാല് കിലോമീറ്ററേയുള്ളൂവെങ്കിലും കടന്നുകിട്ടാൻ പെടാപ്പാടുപെടുകയാണ് യാത്രക്കാർ.
താത്കാലിക കുഴിയടയ്ക്കലിന് എട്ടു ലക്ഷം രൂപ ചെലവ്
പുതുക്കോട് കാരപ്പൊറ്റ ചൂലിപ്പാടം റോഡ് മെറ്റലുപയോഗിച്ച് താത്കാലികമായി നന്നാക്കിയെങ്കിലും വീണ്ടും തകർന്നു. എട്ടു ലക്ഷം രൂപ ചെലവിലാണ് താത്കാലിക കുഴിയടയ്ക്കൽ നടത്തിയത്. മെറ്റൽ ഇളകി റോഡിൽ ചിതറിക്കിടക്കുന്നതുമൂലം ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്ന സ്ഥിതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |