തിരുവല്ല : അപ്പർകുട്ടനാട്ടിൽ തിരുവോണനാളിൽ ഒരുക്കങ്ങൾ തുടങ്ങിയ പുഞ്ചകൃഷിക്ക് ദീപാവലി നാളായ ഇന്ന് കർഷകർ വിത്തെറിയും. പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടശേഖരത്തിലാണ് കർഷകരുടെ നേതൃത്വത്തിൽ വിത്ത് വിതയ്ക്കുക. ഒന്നര മാസത്തോളം ഒരുക്കങ്ങൾ നടത്തിയാണ് പാടശേഖരം ഒരുക്കിയിട്ടുള്ളത്. വിത്ത് ഇറക്കുന്നതിന് മുന്നോടിയായി പാടത്തെ കവടയും വരിയും കിളിർപ്പിക്കാനായി വെള്ളം വറ്റിക്കാൻ പമ്പിംഗ് തുടങ്ങി. നെൽവിത്ത് വളരുന്നതിനൊപ്പം വരിനെല്ല് കിളിർക്കുന്നത് കൃഷിക്ക് ദോഷമാകും. അതിനാൽ വരിനെല്ല് കൃഷി ഇറക്കുന്നതിനു മുൻപേ പാടംവറ്റിച്ചു കിളിപ്പിച്ചു നശിപ്പിച്ചാണ് വിതയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. സമീപത്തെ പാടങ്ങളിലും വരും ദിവസങ്ങളിൽ വിതയ്ക്കും. പാടശേഖരം പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരയിൽ, ഭരണസമിതി അംഗങ്ങളായ ജയകുമാർ പെരുന്നിലം, ബിജു മമ്പഴ, പൗലോസ് ബിജു കുരുവിക്കാട്, സജീവൻ കൈതവന അനിയച്ചൻ വെട്ടുചിറ, ബിജു മമ്പഴ എന്നിവരും മറ്റു കർഷകരും നേതൃത്വം നൽകി.
വേണം പുതിയ പെട്ടിയും പറയും
പടവിനകം ബി പാടശേഖരത്തിലെ പമ്പിംഗ് ഉപകരണങ്ങളായ മോട്ടറും പെട്ടിയുംപറയും മോശപ്പെട്ട അവസ്ഥയിലാണ്. വിതയിറക്കിയാൽ പാടം വറ്റിക്കാൻ പറ്റുമോ എന്ന ഭീതിയിലാണ് കർഷകർ. പുതിയ മോട്ടറും പെട്ടിയും പറയും പാടത്തിനു അനുവദിക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പടവിനകം ബി പാടശേഖരം
ഏക്കർ : 105
കർഷകർ : 60
പടവിനകം പാടത്തിന് പുതിയ മോട്ടറും പെട്ടിയും പറയും അടിയന്തരമായി അനുവദിച്ചു കർഷകരുടെ ആശങ്ക പരിഹരിക്കണം.
പ്രസാദ് കറുകയിൽ,
പാടശേഖരം കൺവീനർ
എൻ.എസ്.സിയുടെ വിത്ത് കിളിർത്തില്ല
നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് ഇത്തവണ ലഭിച്ച നെൽവിത്ത് കിളിർത്തില്ലെന്ന് കർഷകർ പറഞ്ഞു. ഇതേതുടർന്ന് സ്വകാര്യ ഏജൻസികളിൽ നിന്ന് പടവിനകം പാടത്തെ കർഷകർ നേരിട്ട് വാങ്ങിയ വിത്താണ് ഇന്ന് വിതയ്ക്കുന്നത്. വിത വൈകാതിരിക്കാൻ അടിയന്തരമായി ഏജൻസികളുടെ വിത്ത് വാങ്ങുകയായിരുന്നു കർഷകർ. ഈമാസം പകുതിയോടെ സബ്‌സിഡി നിരക്കിൽ എൻ.എസ്.സിയുടെ വിത്ത് പാടശേഖരങ്ങൾക്ക് ലഭിച്ചിരുന്നു. ഇത് പരീക്ഷണാടിസ്ഥാനത്തിൽ കിളിർക്കുമോ എന്ന് പരിശോധിച്ചപ്പോൾ ഗുണമേന്മയില്ലാത്തതാണെന്ന് കണ്ടെത്തിയതായി കർഷകർ പറഞ്ഞു.
കർഷകർക്ക് ലഭിച്ച നെൽവിത്തുകളുടെ ഗുണമേന്മയില്ലായ്മ സംബന്ധിച്ച പരാതി നാഷണൽ സീഡ് കോർപ്പറേഷനിൽ അറിയിച്ചിട്ടുണ്ട്. പരിശോധന നടത്തിയശേഷം പകരം വിത്ത് കോർപ്പറേഷൻ അധികൃതർ നൽകും.
പെരിങ്ങര കൃഷി ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |