കൊച്ചി: വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര (ലെവൽ 3) ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ഉന്നതതല സമിതിയുടെ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണിത്.
മുണ്ടക്കൈ- ചൂരൽമല ഉരുൽപൊട്ടലിനെ അതിതീവ്രദുരന്തമായി പരിഗണിക്കണമെന്ന് അമിക്കസ്‌ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ സംസ്ഥാനത്തിന് ലഭ്യമാകുന്ന ദുരിതാശ്വാസ സഹായങ്ങളിൽ വർദ്ധനയുണ്ടാകും. ആഗോള സഹായത്തിനും വഴിതെളിയും. ദുരന്തത്തിൽ നഷ്ടമായ ജീവനുകൾ, കന്നുകാലികൾ, വിളകൾ, സ്വത്ത്, തകർന്ന പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോൾ അതിതീവ്ര ഗണത്തിൽ ഉൾപ്പെടുത്താമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് ഹർജി നവംബർ 15ന് വീണ്ടും പരിഗണിക്കും.
ഉപജീവന സഹായം
നവം. 30 വരെ നീട്ടി
വയനാട്ടിലെ ദുരന്തബാധിത കുടുംബങ്ങൾക്കുള്ള പ്രതിദിനം 300 രൂപ ഉപജീവനസഹായം നവംബർ 30 വരെ നീട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നേരത്ത നിശ്ചയിച്ച കാലാവധി ഇന്ന് തീരേണ്ടതായിരുന്നു. നഷ്ടപരിഹാര വിതരണം വൈകുന്നത് സംബന്ധിച്ച് വാർത്തകളുണ്ടല്ലോയെന്ന് കോടതി ആരാഞ്ഞു. നഷ്ടപരിഹാരവിതരണം ബാങ്ക്/ട്രഷറി മുഖേനയാക്കാനുള്ള സാദ്ധ്യത തേടണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |