പാലക്കാട്: സമയം വൈകിട്ട് മൂന്നേമുക്കാൽ... പിരായിരി ചുങ്കം ജംഗ്ഷൻ. അന്തരീക്ഷത്തിൽ തുലാവർഷത്തിന്റെ ഈർപ്പമുണ്ടെങ്കിലും പാലക്കാട്ടെ രാഷ്ട്രീയത്തിന് കൊടും ചൂടാണ്. നേതാക്കളെത്തുന്നു. പ്രവർത്തകർ നേതാക്കൾക്ക് വേദിയൊരുക്കുന്ന തിരക്കിൽ. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കൊടിതോരണങ്ങളുമായെത്തി. പ്രിയ നേതാവിനെ, പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണെങ്ങും.
നിമിഷങ്ങൾക്കകം ജംഗ്ഷനിൽ ഇരുവശവും പ്രവർത്തകർ നിറഞ്ഞു. വൈകാതെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എത്തി. മുദ്രാവാക്യങ്ങൾ മുഴങ്ങി, കൊടികൾ ഉയർന്നു. വന്നപാടെ ജനങ്ങൾക്കിടയിലേക്ക് അലിഞ്ഞ് ചേർന്ന രാഹുൽ ഉമ്മൻചാണ്ടിയെ അനുസ്മരിപ്പിച്ചു.
'' തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ, അത് പാലക്കാടാകുമെന്നോ സ്വപ്നത്തിൽ പോലും കരുതിയില്ല. രാഹുൽ പ്രസംഗം തുടങ്ങി. അത് വോട്ടഭ്യർത്ഥനയിലേക്കും സംസ്ഥാന - കേന്ദ്ര രാഷ്ട്രീയത്തിലേക്കും നീണ്ടൂ.
2021ൽ പാലക്കാടിന്റെ മതേരത്വത്തിന് മുറിവേൽക്കുമെന്ന് തോന്നിയ നിമിഷം വർഗീയ ശക്തികളെ വേരോടെ പിഴുതെറിയാൻ ധൈര്യം കാണിച്ച മണ്ണാണ് പിരായിരി. തന്റെ കന്നിയങ്കം ഈ മണ്ണിലാകുമ്പോൾ ആത്മവിശ്വാസം ചെറുതല്ല. നന്മ ജയിക്കും നമ്മളിലൂടെ, നമ്മളേ ജയിക്കൂ.''
രാഹുൽ പതിയെ ഗിയർ മാറ്റി. കേരളം ഇടതുസർക്കാരിന്റെ കൊള്ളരുതായ്‌മകൾ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. എന്നെ കേൾക്കുന്നവരിൽ സപ്ലൈകോയ്ക്ക് നെല്ലളന്ന് പണം ലഭിക്കാത്ത കർഷകരുണ്ടാകും. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്ത യുവാക്കളുണ്ടാകും സപ്ലൈകോയിൽ പോകുന്നവരുണ്ടാകും പെൻഷൻകാരുണ്ടാകും.. ഇവരെല്ലാം ഈ സർക്കാരിന്റെ കെടുകാര്യസ്ഥത അനുഭവിച്ചവരാണ്. അവരെങ്ങനെ എൽഡി.എഫിനും ബി.ജെ.പിക്കും വോട്ട് ചെയ്യും?. അവർ കൈപ്പത്തിക്ക് വോട്ട് ചെയ്യും യു.ഡി.എഫിന് വൻ ഭൂരിപക്ഷം നേടിത്തരും...
മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ ഓരോ വാക്കിനെയും വരവേറ്റത്. പ്രസംഗത്തിന് ശേഷം തുറന്ന ജീപ്പിൽ റോഡ് ഷോ. ചുങ്കത്തുനിന്ന് കുന്നംകുളങ്ങര, ഇരുപ്പക്കാട്, ഇറയപ്പൊറ്റ, പറക്കോട്, മാപ്പിളക്കാട്, ആന്ധംകുന്ന്, ഫാത്തിമ റോഡ്, ഇല്ലത്ത് പറമ്പ്, ഉപാസന നഗർ, നെല്ലിക്കാട്, വാരിയംപറമ്പ്, പേഴുംകര തുടങ്ങിയ പ്രദേശങ്ങളിലൂടെ മേപ്പറമ്പ് ജംഗ്ഷനിൽ സമാപിച്ചു. ആവേശകരമായ വരവേൽപ്പായിരുന്നു ഉടനീളം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പര്യടനം പിരായിരി മണ്ഡലത്തിൽ നിന്നാണ്
ആരംഭിച്ചത്. രാവിലെ കറമ്പക്കാട്, ഉമ നഗർ, നെഹ്രു കോളനി എന്നിവിടങ്ങളിൽ വീടുകൾ കയറി വോട്ട് അഭ്യർത്ഥന. ഒപ്പം ഷാഫി പറമ്പിൽ എംപിയും. തുടർന്ന് അത്താലൂർ, പുടൂർ, പ്രിയദർശിനി നഗർ, മോച്ചോംകോട്, ചൈത്ര നഗർ, കള്ളിക്കാട് തുടങ്ങി വിവിധ ഭാഗങ്ങളിലും വോട്ടഭ്യർത്ഥന. ഇതിനിടെ പാലക്കാട് ടൗണിൽ കർഷകരുടെ പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുത്തു. പ്രചാരണം വിലയിരുത്തിയുള്ള യുഡിഎഫ് കോർ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. പ്രചാരണത്തിൽ യുഡിഎഫ് ബഹുദൂരം മുമ്പിലാണെന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും യോഗം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |