കൊല്ലം: ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ച താത്കാലിക ജീവനക്കാരിയോട് നിരന്തരം ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി അംഗമാണ് രാജു. 2023 ആഗസ്റ്റ് മുതൽ പലതവണ ചെയർമാന്റെ ചേംബറിൽ വിളിച്ചുവരുത്തി അശ്ലീല സംസാരം നടത്തിയെന്നാണ് പരാതി.
ആറ് ദിവസം മുൻപ് ജീവനക്കാരി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 78, 79 വകുപ്പുകളും പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്റ്രുണ്ടാവൂ. പ്രശ്നം ചർച്ചചെയ്യാൻ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗം ഇന്ന് ചേരും.
സി.പി.എം അനുഭാവിയായ ജീവനക്കാരി രണ്ടാഴ്ച മുൻപ് പാർട്ടി കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും കഴമ്പില്ലെന്നു പറഞ്ഞ് തള്ളിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. അതിനിടെ, താൻ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തി പ്രചരിപ്പിച്ചെന്ന് കാട്ടി നഗരസഭയിലെ ഒരു ഉദ്യോഗസ്ഥ നേരത്തെ നൽകിയ പരാതിയിൽ താത്കാലിക ജീവനക്കാരിക്കെതിരെയും ഇന്നലെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
ജീവനക്കാരിയുടെ പരാതി
ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ മുനിസിപ്പൽ ചെയർമാൻ അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ നോട്ടീസ് കൊടുക്കാൻ ചേംബറിൽ ചെന്നപ്പോൾ താൻ സഹായിക്കാം, പണം തരാം, പക്ഷേ പറയുന്നതു പോലെ നിൽക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. ലീവെടുക്ക്, നമുക്ക് ഒരിടത്തുവരെ പോകാമെന്നും പറഞ്ഞു. വഴങ്ങാതായതോടെ, മുനിസിപ്പാലിറ്റി ഓഫീസിന്റെ നിലകൾ നിരന്തരം കയറിയിറങ്ങേണ്ട തരത്തിൽ വൈരാഗ്യബുദ്ധിയോടെ അമിത ജോലിഭാരം അടിച്ചേൽപ്പിച്ചു.
''പരാതി വസ്തുതാവിരുദ്ധമാണ്. പരാതിക്ക് പിന്നിൽ വേറെ ആളുകളുണ്ട്. അവസരം വരുമ്പോൾ തുറന്നുപറയും
-കോട്ടയിൽ രാജു,
മുനിസിപ്പൽ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |