തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ദിശാ സൂചിക നിർണ്ണയിക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും വയനാട് ലോക്സഭാ സീറ്റിലെയും ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നിൽക്കേ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മൂന്ന് മുന്നണികളും.
എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച വിവാദങ്ങളും അതിൽ പ്രതി സ്ഥാനത്തുള്ള പി.പി ദിവ്യയുടെ അറസ്റ്റുമാണ് പ്രചാരണരംഗത്ത് ചൂടേറിയ ചർച്ച. . ആദ്യഘട്ടം മുതൽ യു.ഡി.എഫ് കണ്ണൂർ വിഷയമുയർത്തി സർക്കാരിനും സി.പി.എമ്മിനുമെതിരെ രംഗത്തിറങ്ങിയിരുന്നു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ ഉയർത്തി സി.പി.എം മറുപ്രതിരോധമുയർത്താൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
പാലക്കാട്ട് ഷാഫിയുടെ ജനപ്രീതി പരമാവധി മുതലാക്കി മണ്ഡലം നിലനിറുത്താനാണ് യു.ഡി.എഫ് ശ്രമം. എന്നാൽ കോൺഗ്രസിൽ നിന്നെത്തി തങ്ങളുടെ സ്ഥാനാർത്ഥിയായ ഡോ. പി.സരിനെ മുൻനിറുത്തി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. .ചേലക്കരയിൽ സി.പി.എം - സർക്കാർ വിരുദ്ധ വികാരം തുണച്ചാൽ വിജയിച്ചുകയറാമെന്ന യു.ഡി.എഫ് മോഹത്തെ യു.ആർ പ്രദീപിന്റെ ജനകീയത മുഖമുദ്രയാക്കിയാണ് എൽ.ഡി.എഫ് പ്രതിരോധിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം പാലക്കാട്ട് ആവർത്തിച്ചാൽ നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ചേലക്കരയിൽ വോട്ട് വർധിപ്പിക്കാനുള്ള പ്രവർത്തനവും സജീവമാക്കിയിട്ടുണ്ട്. വയനാട് ലോക്സഭാ സീറ്റിൽ മൂന്ന് മുന്നണികളും സജീവമാണെങ്കിലും പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ യു.ഡി.എഫിന് മേൽക്കൈ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |