പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ പാലക്കാട്ടെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിന്റെ പിണക്കം ചർച്ചചെയ്ത് പരിഹരിച്ച് ചൂടാറും മുമ്പേയാണ് വീണ്ടും പൊട്ടിത്തെറി .
കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷിന്റെ നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചു ചേർത്തത്. 37 ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 പേർ വിമത വിഭാഗത്തിന്റെ യോഗത്തിൽ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറിയെ തിരഞ്ഞെടുത്തതിലെ പ്രതിഷേധമാണ് സമാന്തര നീക്കത്തിലെത്തിച്ചത്. ഒരു വർഷം മുമ്പ് കോൺഗ്രസ് വിട്ടെത്തിയയാളെ ലോക്കൽ സെക്രട്ടറിയാക്കിയതിന് എതിരെയാണ് കലാപക്കൊടി.
ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാർത്ഥ പ്രവർത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും കൺവെൻഷനിൽ പ്രവർത്തകർ ആഞ്ഞടിച്ചു. സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സി.പി.എം അംഗങ്ങളുടെയും അനുഭാവികളുടെയും സമാന്തര കൺവെൻഷൻ നടത്തിയത്. കോൺഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയിൽ തുടർച്ചയായ രണ്ട് തവണയും സി.പി.എമ്മാണ് ഭരണം പിടിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും എം.സതീഷ് പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർട്ടിക്കകത്തെ എതിർനീക്കങ്ങളോട് തത്ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |