ന്യൂഡൽഹി: ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ച് നാലുവർഷത്തെ സംഘർഷത്തിന് അറുതിവരുത്തിയ ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളിൽ ഇന്ന് ദീപാവലി മധുരം വിതരണം ചെയ്യും. ഇവിടെ പട്രോളിംഗ് ഉടൻ ആരംഭിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
രണ്ടുമേഖലകളിലും യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് ഇരുവശവും സൈന്യത്തെ പിൻവലിച്ചത് ഇരുപക്ഷവും പരസ്‌പരം പരിശോധിക്കുകയാണ്. നടപടികൾ പൂർത്തിയായ ശേഷം ഗ്രൗണ്ട് കമാൻഡർമാർ ചർച്ച ചെയ്‌ത് പട്രോളിംഗ് തീരുമാനിക്കും. ഇതിൽ സുപ്രധാന ധാരണകളിൽ എത്തിയെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് കൊൽക്കത്തയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കരാർ പ്രകാരമുള്ള സേനാ പിൻമാറ്റം നടക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. സേനാ പിൻമാറ്റം സുഗമമായി പുരോഗമിക്കുകയാണെന്ന് പിന്നീട് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാനും പറഞ്ഞു.
റഷ്യയിൽ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഉണ്ടാക്കിയ സുപ്രധാന ധാരണകൾ കൂടുതൽ വികസിപ്പിച്ച് ഭാവിയിൽ ബന്ധം സുഗമമാക്കുമെന്നും ഫെയ്‌ഹോങ് പറഞ്ഞു. അയൽരാജ്യങ്ങൾ എന്ന നിലയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച മികച്ച മാതൃകയാണ്. ഡൽഹി-ബെയ്‌ജിംഗ് വിമാന സർവീസ് പുന:രാരംഭിക്കുന്നത് അടക്കം സൗഹൃദ നടപടികളും പ്രതീക്ഷിക്കുന്നതായി അംബാസഡർ പറഞ്ഞു. 2021ൽ ഗാൽവൻ സംഘർഷത്തെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്.
സ്വാഗതം ചെയ്‌ത് യു.എസ്
ഇന്ത്യ-ചൈന സേനാപിൻമാറ്റത്തെ സ്വാഗതം ചെയ്‌ത് യു.എസ്. അതിർത്തിയിലെ പിരിമുറുക്കം കുറയുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യയുമായി ഇക്കാര്യം ചർച്ച നടത്തും. സേനാ പിൻമാറ്റത്തിൽ യുഎസ് ഒരു പങ്കും വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |