ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുന്നയിച്ച കോൺഗ്രസിന്റെ പ്രതികാര ബുദ്ധിയാണ് ഹരിയാനയിൽ തെളിഞ്ഞതെന്ന് ബി.ജെ.പി.
കോൺഗ്രസിനും മുന്നണിക്കും അനുകൂല ഫലം ലഭിച്ച സംസ്ഥാനങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളിൽ പ്രശ്നങ്ങളില്ലാത്തത് എന്തുകൊണ്ടാണെന്നും ബി.ജെ.പി എംപിയും ദേശീയ വക്താവുമായ സുധാംശു ത്രിവേദി ചോദിച്ചു. ഹരിയാനയിൽ കോൺഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ത്രിവേദി.
കോൺഗ്രസിന്റെ അസംബന്ധ ആരോപണങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ 1,642 പേജുള്ള പ്രതികരണം അധികാരത്തിനായുള്ള പ്രതികാര രാഷ്‌ട്രീയത്തിന് അടിവരയിടുന്നു. തങ്ങൾ ജയിച്ചാൽ എല്ലാം ശരിയും തോറ്റാൽ മറ്റാരെങ്കിലും ഉത്തരവാദിയുമാണെന്ന മനോഭാവം ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നതാണ്. പഞ്ചാബ്, ജമ്മുകാശ്മീർ, ഹിമാചൽ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ കുറ്റമില്ലാതെ പ്രവർത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ ഹരിയാനയിൽ മാത്രം തെറ്റായി പ്രവർത്തിച്ചതെങ്ങനെ. ജനങ്ങൾ ഇത്തരം ആരോപണങ്ങളെ സംശയത്തോടെയാണ് കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയ അമിത ആത്മവിശ്വാസമാണ് ഹരിയാനയിലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണം.
രാഹുൽ ഗാന്ധി വയനാടിന്റെ അനൗദ്യോഗിക എംപിയായിരിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്‌താവനയെ കളിയാക്കിയ സുധാംശു ത്രിവേദി കോൺഗ്രസിന് 10 വർഷം അനൗദ്യോഗിക പ്രധാനമന്ത്രി ഉണ്ടായിരുന്നെന്നും ഇപ്പോൾ അനൗദ്യോഗിക അദ്ധ്യക്ഷനും ഡൽഹിയിൽ അനൗദ്യോഗിക മുഖ്യമന്ത്രിയുമുണ്ടെന്നും പറഞ്ഞു. ഇത്തരം നിലപാടുകൾ ജനാധിപത്യത്തെ അപകടത്തിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |