എടക്കര : പോത്തുകല്ല് ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി ശബ്ദം ഉണ്ടാകുന്നതിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വിഭാഗം.സ്ഥലം സന്ദർശിച്ച ജില്ലാ ജിയോളജി, ദുരന്ത നിവാരണ വിഭാഗമാണ് ആശങ്കപ്പെടാനില്ലന്ന് പ്രാഥമികമായി വിലയിരുത്തിയത്.
ആനക്കല്ല് കുന്നുമ്മലിൽ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടത്. തുടർന്ന് നാട്ടുകാർ വീടിന് പുറത്തിറങ്ങി. വീടുകൾക്ക് വിള്ളലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.
ജില്ലാ ജിയോളജിസ്റ്റ് റീനാ നാരായണൻ, ദുരന്ത നിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് ടി.എസ്. ആതിഥ്യ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഹജീഷ് തുടങ്ങിയവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. വിള്ളൽ കണ്ടെത്തിയ വീടുകൾ, കുഴൽക്കിണറുകൾ, കിണർ എന്നിവ സംഘം പരിശോധിച്ചു. ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റിപ്പോർട്ട് കളക്ടർക്ക് കൈമാറും.
പ്രദേശത്ത് നിരവധി തവണ ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി ശബ്ദങ്ങൾ ഉണ്ടായെങ്കിലും അധികൃതർ ഗൗരവമായി കാണുന്നില്ലെന്ന് പ്രദേശവാസികൾക്ക് ആക്ഷേപമുണ്ട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താത്തതിലും നാട്ടുകാർക്ക് അമർഷമുണ്ട്.
പ്രദേശത്ത് ജീവിക്കാൻ ആശങ്കയുണ്ടെന്നും സംഭവത്തിന്റെ കാരണവും തുടർ നടപടികളും ജനങ്ങളെ അറിയിക്കണമെന്നും നാട്ടുകാർ ജിയോളജി സംഘത്തോട് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വൻശബ്ദത്തോടെ ആദ്യം മുഴക്കമുണ്ടായത്. ഇതിന് ശേഷം പത്തേമുക്കാലോടെ വീണ്ടും സമാനമായ ശബ്ദവമുണ്ടായതോടെ വീടുകൾ പ്രകമ്പനം കൊള്ളുന്ന അവസ്ഥയുണ്ടായി.പുലർച്ചെയും മുഴക്കം തുടർന്നു. രണ്ട് ദിവസങ്ങളിലായി പത്തിലേറെ തവണ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദമുണ്ടായി.രണ്ട് കിലോമീറ്റർ വരെ പ്രകമ്പനവും ഇടിമുഴക്ക ശബ്ദവും ഉണ്ടായി. ചില വീടുകൾക്കുള്ളിൽ നേരിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കുഴൽ ക്കിണറുകളിലെ വെള്ളം കലങ്ങിയിട്ടുണ്ട്. ഇതേ തുടർന്ന് ജനങ്ങൾ കൂടുതൽ ഭീതിയിലായിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി തന്നെ പോത്തുകൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പോത്തുകൽ പൊലീസും വില്ലേജ് ഓഫീസർ അടക്കമുള്ള അധികൃതരും സ്ഥലത്തെത്തി ജനങ്ങളെ ഞെട്ടിക്കുളം എ.യു.പി സ്‌കൂളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിത്താമസിപ്പിച്ചിരുന്നു. .ഇവർ ബുധനാഴ്ച രാവിലെ തന്നെ ആനക്കല്ലിലെ വീടുകളിലേക്ക് തിരിച്ചെത്തി. ചിലർ ബന്ധുവീടുകളിലേക്കും മറ്റും താത്കാലികമായി താമസം മാറ്റി. കുഴൽക്കിണറുകൾ കൂടുതലായി നിർമ്മിച്ച പ്രദേശമാണ് ആനക്കല്ല്. ഇതിന്റെ തുടർപ്രതിഭാസമാണ് ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദമെന്നാണ് ജിയോളജി അധികൃതരുടെ നിഗമനം.
മുമ്പ് മൂന്ന് തവണ ഈ മേഖലയിൽ ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദമുണ്ടായിട്ടുണ്ട്. പത്ത് ദിവസം മുമ്പ് ഭൂമിക്കടിയിൽ നിന്ന് ശബ്ദമുണ്ടായത് സംബന്ധിച്ച് ജിയോളജി വിഭാഗം പരിശോധന നടത്തിയിരുന്നെങ്കിലും
റിപ്പോർട്ട് നൽകുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കാര്യക്ഷമമായ പരിശോധനകളും തുടർ നടപടികളും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം,ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി.
എടക്കര: ആനക്കല്ലിൽ സ്‌ഫോടന ശബ്ദം ഭീതി പരത്തിയ പ്രദേശത്ത് 22 കുഴൽക്കിണറുകൾ. മേലേ ആനക്കല്ലിലെ കുന്നിൻ മുകളിലാണ് 80 കുടുംബങ്ങൾ കഴിയുന്ന പ്രദേശത്ത് 22 കുഴൽ കിണറുകൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ രണ്ടെണ്ണം ഉപയോഗ ശൂന്യമാണ്. പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം മറികടക്കാനും കൃഷിക്കുമാണ് നിരവധി കുടുംബങ്ങൾ കുഴൽക്കിണർ നിർമ്മിച്ചിട്ടുള്ളത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കുഴൽക്കിണർ സംബന്ധിച്ച വിവരങ്ങളാണ് പ്രാഥമികമായി അന്വേഷിച്ചത്. അനിയന്ത്രിതമായ കുഴൽക്കിണർ നിർമ്മാണമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നത്. മൂന്നുവർഷം മുമ്പ് ആനക്കല്ലിനോട് തൊട്ട് ചേർന്ന ഉപ്പട പ്രദേശത്ത് കുഴൽക്കിണർ കുഴിക്കവെ ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടിരുന്നു. പ്രദേശത്തെ നിരവധി വീടുകൾക്ക് വിള്ളൽ വീണിരുന്നതായും നാട്ടുകാർ പറയുന്നു. അന്ന് ജിയോളജി സംഘമെത്തി കുഴൽക്കിണർ നിർമ്മാണം നിറുത്തിവയ്പ്പിച്ചു.
...
കുഴൽ കിണർ നിർമ്മാണം നിയന്ത്രിക്കണം.
എടക്കര: വ്യാപക കുഴൽക്കിണർ നിർമ്മാണം സൃഷ്ടിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞ് പുതിയ കുഴൽക്കിണർ നിർമ്മാണം നിരോധിക്കണമെന്ന് നിലമ്പൂർ പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മുൻപ് മമ്പാട് പൊങ്ങല്ലൂരിലും ഇപ്പോൾ പോത്തുകല്ല് ആനകല്ലിലും വ്യാപകമായി കുഴൽ കിണറുകൾ നിർമ്മിച്ചിടത്തു നിന്ന് ജനങ്ങൾ ഓടിരക്ഷപ്പെടേണ്ട അവസ്ഥയാണ്. കുഴൽ കിണർ നിർമ്മാണത്തിന് കർശന നിരോധനം ഏർപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |