കൊല്ലം: തിന്മയുടെയും അജ്ഞാനത്തിന്റെയും പ്രതീകമായ ഇരുട്ടിനെ നന്മയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായ പ്രകാശത്തിലൂടെ മറികടക്കുന്നുവെന്ന് വിശ്വസിക്കുന്ന ദീപാവലി ഇന്ന്. ആഘോഷം കളറാക്കാൻ ഇന്നലെ ജില്ലയിലെ പടക്കക്കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശബ്ദമലിനീകരണം നിയന്ത്രിച്ചുള്ളതും വർണപ്രഭ വിതറുന്നതുമാണ് ഇത്തവണത്തെ ദീപാവലി പടക്കങ്ങളുടെ പ്രത്യേകതയെന്ന് കച്ചവടക്കാർ പറയുന്നു. കൈയിൽ കത്തിച്ചുപിടിച്ചാലും പൊള്ളലേൽക്കാത്ത 'വാട്ടർ ക്യൂൻ ' ആണ് പ്രധാന താരം . 150 രൂപയാണ് ഒരു വാട്ടർ ക്യൂനിന്റെ വില.
ക്രിസ്മസ് മാതൃകയിലെ വെള്ള, പച്ച, ചുവപ്പ് നിറത്തിലെ മയിൽ ഷോട്ടുകൾക്കാണ് പ്രിയമേറെ. വിപണിയിലെ സൂപ്പർ താരമാണ് മയൂര നൃത്തക്കാരി പീക്കോക്ക്. സിംഹത്തിന്റെ കണ്ണുകളുടെ തിളക്കംപേറുന്ന 'ഗോൾഡൻ ലയൺ', ആകാശത്ത് പറന്ന് നടന്ന് വർണപ്രഭ വിതറുന്ന ഡ്രോൺ, ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കുന്ന ബട്ടർഫ്ളൈ, ഹെലികോപ്റ്ററിന് സമാനമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറക്കുന്ന 'ഹെലികോപ്റ്റർ' വ്യത്യസ്ത നിറങ്ങൾ നൽകുന്ന 'ക്യൂട്ട്, ശീതള പാനീയ ടിന്നുകളുടെ ആകൃതിയും പുകയ്ക്ക് ശീതളപാനീയത്തിന്റെ ഗന്ധവുമുള്ള 'കൂൾഡ് ഡ്രിങ്ക് ' തുടങ്ങി വെറൈറ്റികളായ പടക്കങ്ങളാണ് ഇത്തവണ വിപണിയിലുള്ളത്. കൂടാതെ കുട്ടികളെ ആകർഷിക്കാൻ 'ടോം ആൻഡ് ജെറി ' കാർട്ടൂൺ കഥാപാത്രങ്ങളും വിപണി തകർക്കുകയാണ്.
ആകാശത്ത് വർണ വിസ്മയം തീർക്കുന്ന സിംഗിൾ ഷോട്ടിൽ തുടങ്ങി 15, 30, 240 ഷോട്ടുകൾ വരെയുള്ള പടക്കങ്ങളുമുണ്ടായിരുന്നു വിപണിയിൽ. 10 മുതൽ 500 രൂപ വരെയുള്ള നൂറുകണക്കിന് വ്യത്യസ്ത പടക്കങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. കമ്പിത്തിരി, പൂക്കുറ്റി, തറച്ചക്രം, ഫയർ പെൻസിൽ എന്നിവയ്ക്കാണ് ഡിമാൻഡ് ഏറെയായിരുന്നു. ദീപാവലിക്ക് രണ്ടാഴ്ച മുൻപ് തന്നെ കച്ചവടം ഉഷാറായി.
മധുരം നിറഞ്ഞ് പലഹാരം
ഉത്തരേന്ത്യൻ ദീപാവലി പലഹാരങ്ങളായ ബർഫി, ബേസൻ ലഡു, രസ്മലായ് തുടങ്ങി ബേക്കറിക്കടകളിൽ ചെറുതും വലുതുമായ ദീപാവലി പലഹാരപ്പെട്ടികളും ദിവസങ്ങൾക്കു മുൻപെ റെഡിയായി. പടക്കങ്ങൾക്കൊപ്പം തന്നെ കൊതിയൂറുന്ന മധുരപലഹാരങ്ങൾക്കും ഇന്ന് ഡിമാൻഡ് ഏറെയാണ്. 100 മുതൽ 600 വരെയാണ് പലഹാരപ്പെട്ടികളുടെ വില. പലഹാരങ്ങളുടെ ഗുണനിലവാരമനുസരിച്ച് വിപണിവിലയിലും വ്യത്യാസങ്ങളുണ്ട്.
മഴ ഇടയ്ക്ക് ആശങ്കയായെങ്കിലും പിന്നീട് അത് മാറി. കഴിഞ്ഞ വർഷത്തേക്കാൾ കച്ചവടം കൂടുതലായിരുന്നു
സാബു പുരുഷോത്തമൻ, ശ്രീ ശിവാ ഫയർ വർക്സ് , കടയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |