ചടയമംഗലം രണ്ടാം സ്ഥാനത്ത്
കൊല്ലം: റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇക്കുറിയും കപ്പ് കരുനാഗപ്പള്ളിക്ക്. ആദ്യ ദിനത്തിൽ അഞ്ചലിനായിരുന്നു മുൻതൂക്കമെങ്കിൽ ഇന്നലെ പോയിന്റുനില തകിടം മറിഞ്ഞു. ആറാം സ്ഥാനത്തായിരുന്ന കരുനാഗപ്പള്ളി രണ്ടാം ദിനത്തിൽ മികച്ച ഇനങ്ങളുമായെത്തി പോയിന്റുകൾ വാരിക്കൂട്ടിയാണ് ജേതാക്കളായത്.
കഴിഞ്ഞ വർഷം 947 പോയിന്റുകൾ നേടി കപ്പടിച്ച കരുനാഗപ്പള്ളിക്കാർ ഇക്കുറി വിവിധ വിഭാഗങ്ങളിലായി 1184 പോയിന്റുകൾ നേടി. 1056 പോയിന്റു നേടി ചടയമംഗലമാണ് രണ്ടാം സ്ഥാനത്തെത്തിയത്. പുനലൂർ (1047), ചാത്തന്നൂർ (1028), അഞ്ചൽ (1027), കൊല്ലം (994), കൊട്ടാരക്കര (978), വെളിയം (938), കുളക്കട (921), ശാസ്താംകോട്ട (879), ചവറ (862), കുണ്ടറ (785) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പോയിന്റ് നില.
മേളകളും ആദ്യ മൂന്ന് സ്ഥാനക്കാരും
സയൻസ് മേള: അഞ്ചൽ (107), പുനലൂർ (101), കരുനാഗപ്പള്ളി (100).
ഗണിതശാസ്ത്ര മേള: ചടയമംഗലം (245), അഞ്ചൽ (228), കരുനാഗപ്പള്ളി (219)
സോഷ്യൽ സയൻസ് മേള: അഞ്ചൽ (106), കൊട്ടാരക്കര (102), കുളക്കട (90)
വർക്ക് എക്സിപീരിയൻസ് മേള: കരുനാഗപ്പള്ളി (724), പുനലൂർ (584), ചാത്തന്നൂർ (568)
ഐ.ടി മേള: ചടയമംഗലം (94), കൊട്ടാരക്കര (91), കൊല്ലം (89)
കുറ്റിക്കാട്ടുകാർ നേടി
ശാസ്ത്രോത്സവത്തിൽ 325 പോയിന്റുകൾ നേടിയ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസാണ് സ്കൂളുകളിലെ ചാമ്പ്യൻ. 272 പോയിന്റു നേടി അഞ്ചൽ ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 228 പോയിന്റുനേടി കൊട്ടാരക്കര ഗവ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി.
കൊടിയിറങ്ങി
മികവുകൾ കാട്ടി കുട്ടിശാസ്ത്രജ്ഞർ, വിസ്മയം പൂണ്ട് കാഴ്ചക്കാർ, നാളേയ്ക്ക് പ്രതീക്ഷയാണ് കൊല്ലത്തിന്റെ പുതുനാമ്പുകളെന്ന് അടിവരയിട്ടുറപ്പിച്ചുകൊണ്ട് റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങി. സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം, വർക്ക് എക്സ്പിരിയൻസ്, ഐ.ടി, വൊക്കേഷണൽ എക്സ് പോ എന്നീ ഇനങ്ങളിലായി രണ്ട് പകലുകളിലായി നടന്ന മേള ഏറെ ജനകീയ ശ്രദ്ധ നേടി. പന്ത്രണ്ട് ഉപജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ് ജില്ലാ മേളയിൽ കൂടുതൽ മികവ് കാട്ടിയത്. ഇന്നലെ വൈകിട്ട് ചേർന്ന സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കൗൺസിലർ സ്വർണമ്മ അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഒമാരായ വി.ഷൈനി, ശ്രീജ, കൊല്ലം എ.ഇ.ഒ ആന്റണി പീറ്റർ, എസ്.ശ്രീഹരി എന്നിവർ സംസാരിച്ചു. മേളയിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |