ടെഹ്‌റാൻ : തീവ്രവാദക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ജർമ്മൻ-ഇറാനിയൻ മാദ്ധ്യമ പ്രവർത്തകനും സോഫ്‌റ്റ്‌വെയർ എൻജിനിയറുമായ ജംഷിദ് ഷർമഹദിനെ (69) തൂക്കിലേറ്റി ഇറാൻ. ഇറാൻ ഭരണകൂടത്തിനെതിരെയുള്ള യു.എസ് ആസ്ഥാനമായുള്ള കിംഗ്ഡം അസംബ്ലി ഒഫ് ഇറാൻ സംഘടനയുടെ നേതാവായിരുന്നു ജംഷിദ് എന്ന് ആരോപിക്കുന്നു. യു.എസിൽ സ്ഥിരതാമസമാക്കിയ ജംഷിദിനെ 2020ൽ ദുബായിൽ നിന്ന് ഇറാൻ ഏജന്റുമാർ പിടികൂടുകയായിരുന്നു. തുടർന്ന് ബലംപ്രയോഗിച്ച് ഒമാൻ വഴി ഇറാനിൽ എത്തിച്ചു. ജംഷിദ് യു.എസിന് വേണ്ടി ചാരപ്രവർത്തനം ചെയ്‌തെന്നാണ് ഇറാന്റെ ആരോപണം.
കിംഗ്ഡം അസംബ്ലി ഒഫ് ഇറാന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വെബ്‌സൈറ്റിന് ജംഷിദ് രൂപം നൽകിയെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ അട്ടിമറിക്കപ്പെട്ട രാജവാഴ്ച പുനഃസ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സംഘടന രാജ്യത്ത് 23 ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നും ഇതിൽ 2008ൽ ഷിറാസിൽ 14 പേരുടെ ജീവനെടുത്തത് അടക്കം 5 എണ്ണം നടപ്പാക്കിയെന്നും ഇറാൻ പറയുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ജംഷിദിനെ മർദ്ദിച്ച് കുറ്റസമ്മതം നടത്തിയെന്നാണ് കുടുംബവും അവകാശ സംഘടനകളും ആരോപിക്കുന്നത്. അതേ സമയം, ജംഷിദിനെ തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധവുമായി ജർമ്മനി രംഗത്തെത്തി. ഇറാന്റെ നീക്കം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. ഇറാനിലെ അംബാസഡറെ ജർമ്മനി തിരിച്ചുവിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |