ആലപ്പുഴ: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവാസംഘം ആലപ്പുഴയിൽ എത്തിയതായി സൂചന. ജാഗ്രത പാലിക്കണമെന്ന് ജില്ലയിലുള്ളവർക്ക് നിർദേശം നൽകിയിരിക്കുകയാണ് പൊലീസ്.
മണ്ണഞ്ചേരി നേതാജി ജംഗ്‌ഷന് സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടിൽ നടന്ന മോഷണശ്രമമാണ് ജില്ലയിൽ കുറുവ സംഘം എത്തിയതായി സംശയിക്കാൻ കാരണം. മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുറുവ സംഘത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്ന യുവാക്കളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. മുഖം മറച്ച് അർദ്ധനഗ്നരായ രണ്ട് യുവാക്കളാണ് ദൃശ്യങ്ങളിലുള്ളത്.
രേണുകയുടെ വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. എന്നാൽ വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. പിറ്റേന്ന് പുലർച്ചെയാണ് വീട്ടുകാർ മോഷണശ്രമം അറിഞ്ഞത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചത്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കി. റഡിഡന്റ്‌സ് അസോസിയേഷനുകളോടും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.
പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിൽ കവർച്ചയ്ക്ക് ഇറങ്ങും. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു.
കവർച്ചയ്ക്ക് ശേഷം തിരുനേൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവർ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കിൽ പാലങ്ങൾക്കടിയിലോ ആണ് തമ്പടിക്കുക.
ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവരും സംഘത്തിലുണ്ട്. അഭ്യാസങ്ങൾ പഠിച്ച, പെട്ടെന്ന് കീഴ്പ്പെടുത്താൻ കഴിയാത്ത ആളുകളാണ് ഇവർ. ഇതുവരെ തമിഴ്‌നാട്ടിൽ മാത്രമാണ് ഇവർ കവർച്ച നടത്തിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് പാലക്കാട് കുറുവാ സംഘത്തിൽപ്പെട്ടവർ പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |