കൊൽക്കത്ത: നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ എട്ട് യുവാക്കൾ അറസ്റ്റിൽ. ബംഗാളിലെ കാഞ്ചരപ്പാറ റെയിൽവേ സ്റ്റേഷന് സമീപത്തുളള ട്രാക്കിൽ വച്ചാണ് 19കാരിക്ക് ദുരവസ്ഥയുണ്ടായത്. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയതിനുശേഷമാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. ദമ്പതികളുടെ വിവാഹത്തിന് കുടുംബം എതിർത്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ യുവതിയും ഭർത്താവും റെയിൽവേ സ്റ്റേഷനിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു.
പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ റെയിൽവേ ഉദ്യോഗസ്ഥർ ദമ്പതികളെ സ്റ്റേഷനിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും പുലർച്ചെ നാല് മണിയോടെ റെയിൽവേയുടെ മേൽപ്പാലത്തിലൂടെ നടക്കുന്നതിനിടയിലാണ് പ്രദേശവാസികളായ യുവാക്കൾ തടഞ്ഞത്. ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചതിനുശേഷം യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
യുവതി ബോധരഹിതയായതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരെത്തിയാണ് യുവതിയെയും ഭർത്താവിനെയും രക്ഷപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ കല്യാണി പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് മണിക്കൂറിനുളളിൽ തന്നെ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ബാക്കി പ്രതികളെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നവംബർ നാലിന് നടക്കുമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |