മുംബയ്: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌കൾ മാത്രം ശേഷിക്കെ മുംബയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. കോർപ്പറേഷനിൽ നിന്ന് അഞ്ചുതവണ ജയിച്ച രവി രാജയാണ് കോൺഗ്രസ് പാർട്ടിയുമായുള്ള തന്റെ 44 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ബിജെപിയിലെത്തിയത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുംബയ് ബിജെപി അദ്ധ്യക്ഷൻ ആശിഷ് ഷെലാർ എന്നിവർ ചേർന്നാണ് രവി രാജയെ സ്വീകരിച്ചത്. രാജയെ പിന്തുടർന്ന് മുതിർന്ന പല കോൺഗ്രസ് നേതാക്കളും ബിജെപിയിലെത്തുമെന്ന് ചടങ്ങിൽ ഫഡ്‌നാവിസ് പറഞ്ഞു.
'മുംബയിലെ പ്രശ്‌നങ്ങൾക്ക് എൻസൈക്ളോപീഡിയ പോലെയാണ് രാജ. അദ്ദേഹം നമ്മുടെ പഴയ സുഹൃത്താണ്. ബിജെപിയിൽ ചേരാനുള്ള രാജയുടെയും അനുയായികളുടെയും തീരുമാനം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സാദ്ധ്യതകളെ ശക്തിപ്പെടുത്തും'- ആശിഷ് ഷെലാർ വ്യക്തമാക്കി.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം പൂർത്തിയായിരിക്കുകയാണ്. 288 മണ്ഡലങ്ങളിലായി 7,995 സ്ഥാനാർത്ഥികളെ പ്രതിനിധീകരിച്ച് 10,905 നാമനിർദ്ദേശ പത്രികകൾ ലഭിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. നവംബർ നാലുവരെ പിൻവലിക്കാം. നവംബർ 20നാണ് പോളിംഗ്. വോട്ടെണ്ണൽ നവംബർ 23ന്. ബിജെപി നേതൃത്വത്തിലുള്ള മഹായുതി, കോൺഗ്രസിന്റെ മഹാവികാസ് അഘാഡി മുന്നണിയാണ് പ്രധാന എതിരാളികൾ. 150ഓളം വിമതരും രംഗത്തുണ്ടെന്നാണ് വിവരം.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയ് സ്ഥാനാർത്ഥിയായേക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ ബിഷ്‌ണോയിയെ സ്ഥാനാർത്ഥിയാക്കാൻ ഉത്തർ ഭാരതീയ വികാസ് സേന പാർട്ടി നോമിനേഷൻ ഫോറം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |