അമ്മയ്ക്കും മകനും വധശിക്ഷകിട്ടിയ ആദ്യകേസ്
തിരുവനന്തപുരം: അന്വേഷിച്ച ആദ്യകൊലക്കേസിൽ തന്നെ അമ്മയും മകനുമടക്കം 3പ്രതികൾക്ക് തൂക്കുകയർ വാങ്ങിനൽകിയ കന്റോൺമെന്റ് സി.ഐ പ്രജീഷ്ശശിക്ക് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ദക്ഷതാ പുരസ്കാരം. അമ്മയും മകനും അമ്മയുടെ കാമുകനും ചേർന്ന് അയൽവാസിയായ വിഴിഞ്ഞം മുല്ലൂരിലെ ശാന്തകുമാരിയെ(74) കൊലപ്പെടുത്തി വിടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ചകേസ് രണ്ടരമണിക്കൂർ കൊണ്ട് തെളിയിച്ചതിനാണ് പുരസ്കാരം. മരിച്ചതാരാണെന്ന് തിരിച്ചറിയും മുൻപേ പ്രതികളെ പിടിച്ചതായിരുന്നു മികവ്.
അമ്മയ്ക്കും മകനും ആദ്യമായി വധശിക്ഷ കിട്ടുന്നത് ഈകേസിലാണ്. സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് ഈകേസിലെ പ്രതി റഫീക്കാബീവി(51). കൊല്ലത്തെ വിധുകുമാരൻതമ്പി വധക്കേസിൽ 2006മാർച്ചിൽ ബിനിതകുമാരിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീടിത് ജീവപര്യന്തമായി കുറച്ചു. റഫീക്കയുടെ മകൻ ഷെഫീഖ്(27), സുഹൃത്ത് അൽ-അമീൻ(27) എന്നിവർക്കും വധശിക്ഷയാണ്.
2022ജനുവരി14ന് രാവിലെയാണ് ശാന്തകുമാരിയുടെ ആഭരണങ്ങൾ കവരാൻ അയൽവീട്ടിലെ വാടകക്കാരായ പ്രതികൾ കൊലനടത്തിയത്. വിധവയായ ഒന്നാംപ്രതി റഫീക്ക ശാന്തകുമാരിയുമായി സൗഹൃദത്തിലായ ശേഷം വാടകവീട്ടിൽ വിളിച്ചുവരുത്തി. ഷെഫീഖും അൽ-അമീനും ചേർന്ന് കഴുത്തിൽ തുണികുരുക്കി ഞെരിച്ചു. റഫീക്ക ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. അൽ-അമീൻ അതേ ചുറ്റികയുപയോഗിച്ച് നെറ്റിയിലും തലയിലും അടിച്ചു കൊലപ്പെടുത്തി. മാല,വളകൾ,മോതിരം,കമ്മലുകൾ എന്നിവ കവർന്നശേഷം മൃതദേഹം വീടിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനുമിടയിൽ ഒളിപ്പിച്ചു.
തട്ടിൻപുറത്തു നിന്ന് രക്തം ഇറ്റുവീഴുന്നതായി വൈകിട്ട് ഏഴരയോടെയാണ് പൊലീസിനെ അയൽവീട്ടുകാർ അറിയിച്ചത്. തട്ടിൻപുറത്ത് പൊലീസിന് കയറാനാവുമായിരുന്നില്ല. റഫീക്കയാണ് മരിച്ചതെന്ന് കരുതിയാണ് അന്ന് വിഴിഞ്ഞം സി.ഐയായിരുന്ന പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ, ടവർലൊക്കേഷൻ പിന്തുടർന്ന് രാത്രി പത്തോടെ പാലക്കാട്ടേക്കുള്ള സ്വകാര്യബസ് കഴക്കൂട്ടത്തുവച്ച് തടഞ്ഞു. അപ്പോഴാണ് മരിച്ചെന്ന് കരുതിയ റഖീക്കയെ, ഷെഫീഖിനും അൽ-അമീനുമൊപ്പം കണ്ടെത്തിയത്. പിന്നാലെ ശാന്തകുമാരിയെ കാണാനില്ലെന്ന മകന്റെ പരാതികിട്ടി, അന്വേഷണം വഴിതിരിഞ്ഞു. പിറ്റേന്ന് രാവിലെ ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം തട്ടിൻപുറത്തുനിന്ന് പുറത്തെടുക്കുംമുൻപേ പ്രതികളെ അഴിക്കുള്ളിലാക്കിയ മികവിന് വിധിന്യായത്തിൽ കോടതി, അന്വേഷണസംഘത്തെ അഭിനന്ദിച്ചിരുന്നു.
ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശിയാണ് പ്രജീഷ്. മ്യൂസിയം,വിഴിഞ്ഞം,പന്തളം സ്റ്റേഷനുകളിൽ സി.ഐയായിരുന്നു. വിഴിഞ്ഞം തുറമുഖസമരകാലത്തടക്കം രണ്ടരവർഷം സി.ഐയായിരുന്നു. സമരം നേരിട്ടതിന് ബാഡ്ജ് ഒഫ് ഓണർ ലഭിച്ചു.
കുറ്റപത്രവും വൈകിച്ചില്ല
90ദിവസത്തിനകം കുറ്റപത്രം നൽകി പ്രതികൾക്ക് ജാമ്യംകിട്ടുന്നത് തടഞ്ഞു.
ഒരുവർഷം മുൻപ് 14കാരിയെ കൊലപ്പെടുത്തിയതും ഇവരാണെന്ന് കണ്ടെത്തി
ഷെഫീഖ് 14കാരിയെ ബലാൽസംഗം ചെയ്തത് പുറത്തറിയാതിരിക്കാനായിരുന്നുകൊല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |