പെരുമ്പാവൂർ: പ്രമുഖ ഗുഹാക്ഷേത്രമായ മേതല കല്ലിൽ ക്ഷേത്രത്തിന്റെ നിലനില്പിനെ ബാധിക്കുംവിധം പുതിയ വ്യവസായങ്ങൾക്ക് അനുമതി നൽകരുതെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ക്ഷേത്രത്തിന് സമീപത്ത് 56 പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 28 എണ്ണത്തിന് കൂടി ലൈസൻസും ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ ജില്ലാ കളക്ടർ അടിയന്തര നടപടിയെടുക്കണമെന്നാണ് അശമന്നൂർ പഞ്ചായത്ത് രണ്ട് കമ്മറ്റിയുടെയും ക്ഷേത്രോ പദേശക സമിതിയുടെയും ആവശ്യം.
വിമാനത്താവളത്തിന് അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ പെരുമ്പാവൂർ ഭാഗത്തേക്ക് സംരംഭകരുടെ ഒഴുക്കാണ്. ടൂറിസം കേന്ദ്രമായ മേതലകല്ലിൽ ഗുഹാ ക്ഷേത്രത്തിന് ഭീഷണിയാകും വിധം സമീപ പ്രദേശങ്ങളിൽ മണ്ണെടുപ്പും വലിയ നിർമ്മാണ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ടെന്നാണ് പരാതിക്കാരുടെ ആക്ഷേപം. മൂവാറ്റുപുഴ ആർ.ഡി.ഒ യ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകളെ ഉൾപ്പെടുത്തി നടത്തിയ സംയുക്ത പരിശോധനയിൽ മണ്ണെടുപ്പും പാറ ഖനനവും മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്നും ക്ഷേത്രത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും ആർ.ഡി.ഒ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ അന്വേഷണം
ടൂറിസം കേന്ദ്രമായ മേതല ക്ഷേത്രം കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്. ശ്രീകോവിലിന് മുകളിൽ നിലം തൊടാതെ നിൽക്കുന്ന ഭീമാകാരമായ പാറയാണ് പ്രധാന ആകർഷണം. ക്ഷേത്രത്തിന് സമീപം മറ്റു നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പുരാവസ്തു വകുപ്പ് തടഞ്ഞിരിക്കുകയാണ്. പല പരാതികളും അതിന്മേൽ അന്വേഷണ റിപ്പോർട്ടുകളും വിവിധ വകുപ്പുകളിലിരിക്കുമ്പോഴാണ് വീണ്ടും വ്യവസായങ്ങൾക്ക് അനുമതി നൽകപ്പെടുന്നത്.
1. 2020, 2023 വർഷങ്ങളിലെ പരാതിക്ക് വില്ലേജ് ഓഫീസറും തഹസീൽദാറും മൈനിംഗ് ആൻഡ് ജിയോളജിയും എൽ.എസ്.ജി.ഡി വകുപ്പും എറണാകുളം ജില്ലാ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2017ൽ ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്നും ക്ഷേത്രത്തിന് തകർച്ചാ ഭീഷണി ഉണ്ടെന്നും അതിനാൽ ഒരു കിലോമീറ്റർ ചുറ്റളവിൽ വ്യവസായ സ്ഥാപനങ്ങൾക്കുളള നിർമ്മാണ അനുമതികൾ നൽകരുതെന്നുമാണ് റിപ്പോർട്ടിൽ
2. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അന്വേഷണം നടത്തി. ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിൽ മണ്ണെടുപ്പ് നടത്തുന്നത് ഗൗരവതരമെന്ന് റിപ്പോർട്ട്.
3. ക്ഷേത്ര ഭരണ സമിതി പുരാവസ്തു, റവന്യു വകുപ്പ് മന്ത്രിമാർക്ക് നേരിട്ട് സമർപ്പിച്ച പരാതി അന്വേഷണത്തിനായി ജില്ലാ കളക്ടർക്ക് കൈമാറി
4. പുരാവസ്തു വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം ചാർജ്ജ് ഓഫീസർ സ്ഥലം സന്ദർശിച്ച് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിന് സമീപം വ്യപകമായ മണ്ണെടുപ്പും വലിയ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നത് ക്ഷേത്രത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കണ്ടെത്തൽ. റിപ്പോർട്ട് തുടർനടപടികൾക്കായി പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു
മേതല ഭാഗത്ത് പ്രധാനമായും പ്ലൈവുഡ് കമ്പനികൾക്കുവേണ്ടിയാണ് മണ്ണെടുപ്പൊക്കെ നടന്നുവരുന്നത്. ഇതിനെതിരെ പഞ്ചായത്ത് കമ്മറ്റി ശക്തമായ നിലപാട് സ്വീകരിക്കണം. കല്ലിൽ ക്ഷേത്രത്തിന്റെ പരിസരത്തും അശമന്നൂർ പഞ്ചായത്തിലും ഇത്തരം പുതിയ സ്ഥാപനങ്ങൾ അനുവദിക്കാൻ പാടില്ല.ഷിജി ഷാജി.
പ്രസിഡന്റ്
അശമന്നൂർ പഞ്ചായത്ത്
വില്ലേജ് ഓഫീസർ, തഹസീൽദാർ, ആർ.ഡി.ഒ, പുരാ വസ്തു വകുപ്പ് ഡയറക്ടർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, സബ് കളക്ടർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്ലിൽക്ഷേത്രത്തിന്റ നിലനിൽപ്പിനും സുരക്ഷിതത്വത്തിനു അനുയോജ്യമായ തീരുമാനം ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്നുണ്ടാകണംരവി
പ്രസിഡന്റ്
ക്ഷേത്രോപദേശ ക സമിതി
മേതലയുടെ സമീപ പ്രദേശങ്ങളായ പയ്യാൽ നിച്ചയം പുന്നയം,മേയ്ക്കപ്പാല എന്നീ ഭാഗങ്ങളിലൊന്നും ദൂരപരിധിയുടെ പ്രശ്‌നം ഉള്ളതിൽ കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നില്ല. ഇവിടെയും അനുമതി നൽകുന്നത് നിയന്ത്രിക്കണം.
ഇ.എം.ശങ്കരൻ നായർ
സെക്രട്ടറി
കല്ലിൽ ക്ഷേത്രോപദേശക സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |